തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രവാസി മലയാളികളുമായി ദോഹയിൽ നിന്നുള്ള വിമാനം ഇന്ന് രാത്രി പത്തേമുക്കാലോടെ തലസ്ഥാനത്തെത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലക്കാരുമുൾപ്പെടെ 177 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുകയെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ഇവരുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് വരുംദിവസങ്ങളിൽ നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 16,000പേരെ പാർപ്പിക്കാവുന്ന ക്വാറന്റൈൻ സൗകര്യങ്ങൾ തയ്യാറായിക്കഴിഞ്ഞു.
കൂടാതെ ഹോട്ടലുകളിൽ സ്വന്തം നിലയിൽ പണം മുടക്കി താമസത്തിന് തയ്യാറാകുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം സജ്ജമായി. കോഴിക്കോട്ടു നിന്ന് ആറ് ജീവനക്കാരുമായി ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് വിമാനം ദോഹയിലേക്ക് പോവുക. ജീവനക്കാരും പൊലീസുകാരുമെല്ലാം പിപിഇ കിറ്റ് ധരിച്ചാണ് യാത്രക്കാരെ പരിശോധിക്കുക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹെൽപ്ഡെസ്ക് സജ്ജീകരിച്ചു. വിമാനത്താവളത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചവർക്കു മാത്രമേ പ്രവേശനമുള്ളൂ. മുഴുവൻ ഉദ്യോഗസ്ഥർക്കും സുരക്ഷാപരിശീലനം നൽകി. അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി വിമാനത്താവളത്തിൽ മോക്ഡ്രിൽ നടത്തി. കളക്ടർ കെ ഗോപാലകൃഷ്ണൻ, സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ എന്നിവർ വിമാനത്താവളത്തിലെത്തി അവസാന ഒരുക്കങ്ങൾ വിലയിരുത്തി.
പഴുതടച്ച പരിശോധനാ സംവിധാനമാണ് വിമാനത്താവളത്തിലെത്തുന്ന പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്. വിമാനമിറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് മുന്നറിയിപ്പ് നൽകും. വിമാനമെത്തിയാൽ 20 പേരടങ്ങുന്ന ചെറുസംഘങ്ങളാക്കി ഇറക്കും. എയ്‌റോ ബ്രിഡ്‌ജിൽ അടയാളപ്പെടുത്തിയ വഴിയിലൂടെ ഇവരെ ടെർമിനലിലേക്കെത്തിക്കും. പ്രവേശനകവാടത്തിലെ തെർമൽ ഫേസ് ഡിറ്റക്ഷൻ ക്യാമറവഴി ആദ്യ പരിശോധന നടത്തും. ഉയർന്ന ചൂടുള്ളവരെ വിമാനത്താവളത്തിലെ ഐസൊലേഷൻ മുറിയിലേക്ക് മാറ്റും. പരിശോധനകൾക്കുശേഷം വേണമെങ്കിൽ ആശുപത്രിയിലേക്ക് ആംബുലൻസ് മാർഗം മാറ്റും. ലക്ഷണമില്ലാത്തവരെ എമിഗ്രേഷൻ കൗണ്ടറിൽ പരിശോധനകൾ പൂർത്തിയാക്കി ബാഗേജ് സെക്ഷനിലേക്ക് എത്തിക്കും. അണുമുക്തമാക്കിയ ബാഗേജുകൾ എടുത്തശേഷം കസ്റ്റംസ് പരിശോധന നടത്തും.
തുടർന്ന് ആരോഗ്യവകുപ്പിന്റെ ഹെൽപ് ഡെസ്കിലേക്ക് യാത്രക്കാരെ മാറ്റും. ഇവിടെ രേഖകളും രോഗലക്ഷണങ്ങളും പരിശോധിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്ത തിരുവനന്തപുരം ജില്ലക്കാരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഗർഭിണികൾ, കുട്ടികൾ എന്നിവരെ ടാക്‌സി മാർഗം വീടുകളിലെത്തിക്കും. മറ്റ് ജില്ലക്കാരെ കെ.എസ്.ആർ.ടി.സി ബസ് വഴി അതാത് നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിക്കും. രോഗലക്ഷണമുള്ളവരെയെല്ലാം മെഡിക്കൽ കോളേജിൽ പരിശോധനയ്‌ക്ക് കൊണ്ടുപോകും.