ജീവനും ജീവിതവും മാത്രമല്ല, മനുഷ്യനുമായി ബന്ധപ്പെട്ട സകല മേഖലയുടെയും താളംതെറ്റിച്ചാണ് കൊവിഡിന്റെ സഞ്ചാരം. പക്ഷേ, വീണാലും ഉയിർത്തെണീക്കുക മനുഷ്യന്റെ സ്വഭാവമാണല്ലോ. വാഹനവിപണിയും ശക്തമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. കൊവിഡ് കാലം കഴിഞ്ഞാൽ, പുതുതായി വിപണിയിലേക്ക് രംഗപ്രവേശത്തിന് കാത്തുകിടക്കുന്നത് ഒട്ടനവധി മോഡലുകളാണ്. കൊവിഡ് ഭീതി ഒഴിയുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം സാധാരണ നിലയിൽ എത്തുകയും ചെയ്താൽ, ഒട്ടും വൈകാതെ ഇവയുടെ ലോഞ്ചിംഗ് നടക്കും.
മഹീന്ദ്ര സ്കോർപ്പിയോ
മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വിയായ സ്കോർപ്പിയോയുടെ ബി.എസ്-6 പതിപ്പ് റെഡിയായി കഴിഞ്ഞു. കൊവിഡ് ഭീതി മറഞ്ഞാൽ, ഉടൻ പുത്തൻ സ്കോർപ്പിയോ ഉപഭോക്താക്കളിലേക്ക് എത്തും. പരിഷ്കരിച്ച എംഹോക്ക് 2.2 ലിറ്റർ ഡീസൽ എൻജിനാണുണ്ടാവുക. 140 പി.എസ് കരുത്തും 320 എൻ.എം ടോർക്കും മികവുകൾ. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ. 15 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കാം.
ഹോണ്ട സിറ്റി
പുതുതലമുറ ഹോണ്ട സിറ്രിയാണ് ഏവരും കാത്തിരിക്കുന്ന മറ്റൊരു താരം. ഏപ്രിലിൽ വിരുന്നെത്തേണ്ടതായിരുന്നു. ബി.എസ്-6 ചട്ടം പാലിക്കുന്ന 1.5 ലിറ്രർ പെട്രോൾ എൻജിനായിരിക്കും പുതിയ സിറ്റിയുടെ ആകർഷണം. മാനുവൽ/ഓട്ടോമാറ്രിക് ഗിയർ ബോക്സ് പ്രതീക്ഷിക്കാം. എട്ട് ലക്ഷം രൂപ മുതൽ വിലയും പ്രതീക്ഷിക്കുന്നു.
സ്കോഡ കറോക്ക്
ഈ പുത്തൻ എസ്.യു.വിയുടെ ബുക്കിംഗ് സ്കോഡ ആരംഭിച്ചിട്ടുണ്ട്. 147 ബി.എച്ച്.പി കരുത്തും 250 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് ഹൃദയം. ഗിയർബോക്സ് : 7-സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്രിക്. മികച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ളൈമറ്ര് കൺട്രോൾ, എൽ.ഇ.ഡിയാൽ സജ്ജമായ ഹെഡ്ലൈറ്റ്-ടെയ്ൽലൈറ്റുകൾ എന്നിങ്ങനെ ധാരാളം ആകർഷണങ്ങൾ കറോക്കിനുണ്ട്.
ഹ്യുണ്ടായ് ടുസോൺ
ഫെബ്രുവരിയിലെ ഓട്ടോ എക്സ്പോയിലാണ് പരിഷ്കരിച്ച ഈ പ്രീമിയം എസ്.യു.വിയെ ഹ്യുണ്ടായ് പരിചയപ്പെടുത്തിയത്. പുറംമോടിയിലും അകത്തളത്തിലും ആകർഷകമായ ഒട്ടേറെ പുതുമകൾ ഈ അപ്ഡേറ്റഡ് മോഡലിലുണ്ട്. ബി.എസ്-6 ചട്ടം പാലിക്കുന്ന, 2.0 ലിറ്റർ ഡീസൽ എൻജിനാണുണ്ടാവുക. കരുത്ത് 185 എച്ച്.പി. പുതിയ 8-സ്പീഡ് ഓട്ടോമാറ്രിക് ട്രാൻസ്മിഷൻ മറ്റൊരു മികവാണ്.
മാരുതി എസ്-ക്രോസ് പെട്രോൾ
ഡീസൽ എൻജിനുകളോട് വിടപറയാനുള്ള മാരുതിയുടെ തീരുമാനപ്രകാരം, നെക്സ ഷോറൂമുകളിൽ നിന്ന് ഇനി പെട്രോളിലേക്ക് മാറാനുള്ള മോഡലാണ് എസ്-ക്രോസ്. ഓട്ടോ എക്സ്പോയിൽ എസ്-ക്രോസ് പെട്രോൾ മാരുതി അവതരിപ്പിച്ചിരുന്നു. ബി.എസ്-6 ചട്ടം പാലിക്കുന്നതാണിത്. 103 എച്ച്.പി കരുത്തുള്ളതായിരിക്കും എൻജിൻ. 5-സ്പീഡ് മാനുവൽ ഗിയർ സിസ്റ്റവും പ്രതീക്ഷിക്കുന്നു.
ടാറ്രാ എച്ച്.ബി.എക്സ്
മാരുതി സുസുക്കി ഇഗ്നിസ്, എസ്പ്രസോ, മഹീന്ദ്ര കെ.യു.വി 1OO എന്നിവയ്ക്കുള്ള ടാറ്റയുടെ മറുപടിയാണ് എച്ച്.ബി.എക്സ്. ഏപ്രിലിൽ വിരുന്ന് വരേണ്ടതായിരുന്നു ഈ മൈക്രോ-എസ്.യു.വി. ടെസ്റ്റുകളൊക്കെ പാസായി നിൽക്കുകയാണ് കക്ഷി. കൊവിഡ് ഭീതിയൊഴിഞ്ഞാൽ, ഉടനെത്തും ഉപഭോക്താക്കളിലേക്ക്. 1.2 ലിറ്റർ ടർബോ-ചാർജ്ഡ് ഡിറക്റ്റ്-ഇൻജക്ഷൻ പെട്രോൾ എൻജിനാണ് പ്രതീക്ഷ. 4-8 ലക്ഷം രൂപയ്ക്കിടയിൽ വില പ്രതീക്ഷിക്കാം.