ദുബായ്: കൊവിഡ് വ്യാപനം മൂലം വിമാനങ്ങളെല്ലാം സർവീസ് നിർത്തലാക്കിയതോടെ ദുരിതത്തിലായ നിരവധിയാളുകൾ ഉണ്ട്. അവരിലൊരാളാണ് ഇന്ത്യക്കാരിയായ പൂനം സിംഗും ഭർത്താവും. ദുബായിലുള്ള പൂനം 35 ആഴ്ച ഗർഭിണിയാണ് ഇപ്പോൾ. അനുവദനീയമായ വിവാഹ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാൽ ഇവർക്ക് യു.എ.ഇയിൽ പ്രസവിക്കാൻ സാധിക്കില്ല. ഇപ്പോഴിതാ സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിക്കുന്ന പൂനത്തിന് രക്ഷകരായി എത്തിയിരിക്കുകയാണ് വന്ദേ ഭാരത് മിഷൻ.
പൂനവും ഭർത്താവ് അനൂപും ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഗ്രാമപഞ്ചായത്ത് (വില്ലേജ് കൗൺസിൽ) വയസും മറ്റും മാനദണ്ഡമാക്കിയിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റാണ് ഇപ്പോഴും നൽകുന്നത്. ഒരു ഗ്രാമത്തലവന്റെ മുദ്രയുള്ള വിവാഹ രേഖയ്ക്ക് യു.എ.ഇയിൽ സാധുതയില്ല. 'ഞങ്ങളുടെ വിവാഹം നടന്ന തെഹ്രി ഗർവാളിലെ ഒരു ഗ്രാമത്തിൽ നിന്നാണ്. അവിടെ, വിവാഹ സർട്ടിഫിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് ആർക്കും അറിയില്ല. 2018 ഒക്ടോബറിൽ ഞാൻ യു.എ.ഇയിൽ വിസിറ്റിംഗ് വിസയിൽ എത്തി. അടുത്ത ഫെബ്രുവരിയിൽ ഒരു ഹോട്ടൽ റിസപ്ഷനിസ്റ്റായി ജോലി ലഭിച്ചു, 'പൂനം പറഞ്ഞു.
'അനൂപ് ഒരു റെസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്യുന്നു. സെപ്തംബറിൽ ഞാൻ ഗർഭിണിയായി, ഇൻഷുറൻസ് പരിരക്ഷയുള്ള ഒരു ക്ലിനിക്കിൽ പരിശോധന നടത്തി. രാജ്യത്ത് കുഞ്ഞിനെ പ്രസവിക്കാൻ യു.എ.ഇ നിയമപ്രകാരം വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു. ഞങ്ങൾക്ക് പ്രത്യേക തൊഴിൽ വിസകൾ ഉള്ളതിനാൽ, ഇന്നുവരെ എവിടെയും വിവാഹ സർട്ടിഫിക്കറ്റ് കാണിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇന്ത്യയിൽ നിന്ന് ഒരു സർട്ടിഫിക്കറ്റ് നേടാൻ ശ്രമിച്ചു, പക്ഷേ അതിനായി നാട്ടിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒടുവിൽ ഇന്ത്യയിൽ ഡെലിവറി നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ ജോലി ഉപേക്ഷിച്ചു, നാട്ടിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും കൊവിഡ് കാരണം വിമാന സർവീസുകൾ നിർത്തി'-യുവതി പറഞ്ഞു.
ഓരോ ദിവസം കഴിയുന്തോറും ആശങ്ക കൂടുകയായിരുന്നെന്നും, ഒടുവിൽ പ്രതീക്ഷയായി വന്ദേ ഭാരത് മിഷൻ എത്തിയെന്നും യുവതി പറഞ്ഞു. രജിസ്റ്റർ ചെയ്ത് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ് പൂനം ഇപ്പോൾ. ദുബായിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ആദ്യ വിമാനം മെയ് 12 ന് സർവീസ് നടത്തും.