kaumudy-news-headlines

1. പാസില്ലാതെ വരുന്നവരെ അതിര്‍ത്തി കടത്തി വിടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും അതിര്‍ത്തിയില്‍ ഇന്നും പാസില്ലാതെ നിരവധി ആളുകള്‍ എത്തി. വാളയാര്‍ അതിര്‍ത്തിയില്‍ ഇന്ന് രാവിലെ 30 ലേറെ ആളുകളാണ് പാസ് ഇല്ലാതെ എത്തിയത്. ഇവരെ അതിര്‍ത്തി കടത്തി വിട്ടിട്ടില്ല. പാസില്ലാതെ ഇന്നലെ അതിര്‍ത്തിയില്‍ എത്തിയവരെ കോയമ്പത്തൂരിലേക്ക് മാറ്റിയിരുന്നു. തമിഴ്നാട് പാസ് അനുവദിക്കുകയും കേരളത്തിലേക്ക് പ്രവേശന അനുമതി കിട്ടാത്തവരും ആയ ആളുകളാണ് ഇന്നലെ രാവിലെ മുതല്‍ അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നത്. യാത്രാ അനുമതിക്കായി വീണ്ടും അപേക്ഷിച്ച് അനുമതി കിട്ടുന്ന മുറയ്ക്ക് ഇവര്‍ക്ക് കേരളത്തിലേക്ക് പ്രവേശിക്കാം. യാത്ര അനുമതി ഉളളവരെ മാത്രമേ ഇന്ന് മുതല്‍ പ്രവേശിപ്പിക്കുക ഉളളൂ എന്നും അല്ലാത്തവര്‍ അതത് സംസ്ഥാനങ്ങളില്‍ തുടരണം എന്നും പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ച് ഇരുന്നു. നിലവിലെ സാഹചര്യം കണക്കില്‍ എടുത്ത് വാളയര്‍ ചെക്‌പോസ്റ്റിന് 3 കിലോമീറ്റര്‍ പ്രദേശം നിയന്ത്രിത മേഖലയായി മാറ്റിയെന്നും ജില്ല കളക്ടര്‍ അറിയിച്ചു. യാത്രാ അനുമതിയോടെ 2,027 പേരാണ് ശനിയാഴ്ച അതിര്‍ത്തി കടന്ന് എത്തിയത്.

2. അതിനിടെ, വന്ദേ ഭാരത് ദൗത്യത്തില്‍ ആദ്യദിനം മടങ്ങി എത്തിയതില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുടെയും ദ്രുത പരിശോധനാ ഫലം നെഗറ്റീവ്. പരിശോധനാ ഫലം വേഗം അറിയാനായി നടത്തുന്ന ദ്രുത പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് ആണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പരിശോധന നടത്തിയപ്പോള്‍ ആണ് രണ്ട് പ്രവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചത്. ദ്രുത പരിശോധനയുടെ കൃത്യത സംബന്ധിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ആണ് ദ്രുത പരിശോധനയില്‍ നെഗറ്റീവ് ഫലം വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ റാപ്പിഡ് ടെസ്റ്റ് നിറുത്തി വച്ചിരിക്കുക ആണ്. യു.എ.ഇയില്‍ മാത്രമാണ് ഇപ്പോള്‍ റാപ്പിഡ് ടെസ്റ്റ് തുടരുന്നത്. മറ്റ് രാജ്യങ്ങളില്‍ ശരീരോഷ്മാവ് അറിയാന്‍ നടത്തുന്ന തെര്‍മല്‍ സ്‌കാനിങ് മാത്രമാണ് നിലവിലുള്ളത്.
3. വടക്കന്‍ സിക്കിമിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചൈനീസ് സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്നതായി വിവരം. നാകുലാ സെക്ടറിന് സമീപത്താണ് ഇരുവശത്തും ഉള്ള സൈനികര്‍ തമ്മില്‍ അക്രമണ സ്വഭാവത്തോടെ സംഘര്‍ഷം ഉണ്ടായത്. ഇരുഭാഗത്തും ചെറിയ പരിക്കുകള്‍ സംഭവിച്ചതായും വിവരമുണ്ട്. സംഘര്‍ഷത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കും ആണ് പരിക്കേറ്റത്. പ്രാദേശിക തലത്തില്‍ ആശയവിനിമയം നടത്തി സംഘര്‍ഷം അവസാനിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സംഘര്‍ഷം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആദ്യമായിട്ടല്ല സൈനികര്‍ ഏറ്റുമുട്ടുന്നത്. നേരത്തെ ഡോക്ലാമിലും മറ്റുമായി സൈനികര്‍ തമ്മില്‍ കല്ലേറ് നടത്തുകയും നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
4. ലോകത്ത് കോവിഡ് മരണം 2,80,000 പിന്നിട്ടു. രോഗ ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. അമേരിക്കയിലും ബ്രിട്ടനിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍. ഇവിടെ കൊവിഡ് വ്യാപനവും മരണ നിരക്കും ദിനംപ്രതി വര്‍ധിക്കുകയാണ്. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തില്‍ അധികമായി. മരണ സംഖ്യ 80,000 കടന്നു. അതിനിടെ പ്രസിഡന്റ് ഡ്രംപിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും രംഗത്തെത്തി. നിലവിലെ പ്രവര്‍ത്തനങ്ങള്‍ അപകടമാണെന്നും സമ്പൂര്‍ണ ദുരന്തത്തിലേക്ക് ആണ് പോകുന്നതെന്നും ഒബാമ പറഞ്ഞു. ബ്രിട്ടണില്‍ കോവിഡ് മരണം 31,000 കടന്നു. രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. അതിനിടെ, ബ്രിട്ടണില്‍ ലോക്കഡൗണ്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും.
5. ഫ്രാന്‍സില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കും എന്നാണ് സൂചന. എന്നാല്‍ റെഡ്‌സോണായി തുടരുന്ന പാരീസിലെ നിയന്ത്രണങ്ങള്‍ തുടരും. റഷ്യയില്‍ രോഗവ്യാപനം വര്‍ധിക്കുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. രോഗബാധിതര്‍ രണ്ട് ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ മാത്രം പതിനായിരത്തില്‍ അധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ മെയ് 31 വരെ ലോക്‌ഡൌണ്‍ നീട്ടി. ബ്രസീലിലും മരണനിരക്ക് കൂടുകയാണ്. സ്‌പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മരണനിരക്ക് കുറഞ്ഞെങ്കിലും രോഗവ്യാപനം തടയാന്‍ ആയിട്ടില്ല. വന്‍ സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്.
6. കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ മരച്ചവരുടെ എണ്ണം 500നോട് അടുക്കുന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 87,190 ആയി ഉയര്‍ന്നു. സൗദിയില്‍ രോഗികളുടെ എണ്ണം 35,000 കടന്നു. സൗദി അറേബ്യയിലും, യു.എ.ഇയിലുമാണ് ഏറ്റവും അധികം മരണം. സൗദിയില്‍ 229 പേരും, യു.എ.ഇയില്‍ 174 പേരുമാണ് മരിച്ചത്. കുവൈറ്റില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ കര്‍ഫ്യു പ്രഖ്യാപിച്ചു. കൊവിഡ് കേസുകള്‍ കുതിച്ച് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഇതുവരെ 7,623 പേര്‍ക്കാണ് കുവൈറ്റില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.