pravasi

ലോകം മുഴുവൻ കൊവിഡിനെതിരെ പടപൊരുതുകയാണ്. ഈ സമയത്ത് കുടുംബം പോറ്റാൻ വേണ്ടി നാടുവിടേണ്ടിവന്ന പ്രവാസികളുടെ അവസ്ഥയാണ് ഏറ്റവും ദയനീയം. പലരുടെയും ജോലി പോയി. അന്യനാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മരുഭൂമിയിൽ നിന്ന് തിരിച്ചെത്തിയിട്ടും ഉറ്റവരെ കാണാൻ സാധിക്കാത്ത നിരവധി ആളുകളുണ്ട്. അത്തരത്തിൽ നാട്ടിലെത്തി ക്വാറന്റൈനിൽ പോകേണ്ടി വന്ന ഒരു പ്രവാസിയുടെ കഥ പറയുന്ന 'ക്വാറന്റൈൻ ഒരു പ്രവാസിക്കഥ' എന്ന ഹൃസ്വചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിനെ കാണാനെത്തുന്ന പ്രവാസിയുടെ കഥയാണ് ഹൃസ്വ ചിത്രം പറയുന്നത്. സമ്പന്ന രാജ്യമായ അമേരിക്ക പോലും കൊവിഡിന് മുന്നിൽ മുട്ടുകുത്തുമ്പോൾ, രോഗത്തിനെതിരെയുള്ള മലയാളികളുടെ മാതൃകാപരമായ പോരാട്ടമാണ് ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഒരുപാട് മലയാളികൾ അന്യ രാജ്യങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. അവർ കേരളത്തിലായിരുന്നെങ്കിൽ ആരോഗ്യ വകുപ്പ് അവരെ രക്ഷിക്കുമായിരുന്നു എന്ന് ചിത്രത്തിലെ കഥാപാത്രം പറയുന്നു.

ജിതിൻ കൊച്ചിത്രയും മനു വർഗീസും ചേർന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജിതിൻ ആണ് പ്രവാസിയുടെ വേഷത്തിലെത്തുന്നത്. ഛായാഗ്രാഹണം: രാഹുൽ അമ്പാടി, എഡിറ്റിങ്ങ്: അബി ജെ.