കൊച്ചി: ലോക്ക്ഡൗണിൽ കടുത്ത സമ്പദ്‌പ്രതിസന്ധിയിലായ ജനം ബാങ്ക് വായ്‌പകളിൽ ആശ്വാസം തേടുന്നു. മാർച്ച്-ഏപ്രിൽ കാലയളവിൽ 41.81 ലക്ഷം ഇടപാടുകാർക്കായി പൊതുമേഖലാ ബാങ്കുകൾ മാത്രം അനുവദിച്ച വായ്‌പ 5.66 ലക്ഷം കോടി രൂപയാണ്. എം.എസ്.എം.ഇകൾ, കർഷകർ, വ്യക്തികൾ, കോർപ്പറേറ്രുകൾ തുടങ്ങിയവരെല്ലാം വായ്‌പയ്ക്കായി തിരക്കുകൂട്ടി. വായ്പാത്തുക വിതരണം ലോക്ക്ഡൗണിന് ശേഷമായിരിക്കും.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൂന്നുമാസ മോറട്ടോറിയം പൊതുമേഖലാ ബാങ്കുകളിലെ 3.20 കോടി അക്കൗണ്ടുടമകൾ പ്രയോജനപ്പെടുത്തിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. മാർച്ച് ഒന്നുമുതൽ മേയ് 31 വരെയുള്ള വായ്‌പാ തിരിച്ചടവുകൾക്കാണ് മോറട്ടോറിയം. വായ്‌പാ തിരിച്ചടവിന് മൂന്നുമാസം ആശ്വാസം കിട്ടുമെങ്കിലും ഇക്കാലയളവിലെ പലിശ ബാങ്കുകൾ ഈടാക്കും.
കഴിഞ്ഞ രണ്ടുമാസക്കാലയളവിൽ 2.37 ലക്ഷം എം.എസ്.എം.ഇകൾക്കായി പൊതുമേഖലാ ബാങ്കുകൾ അനുവദിച്ച വായ്‌പ 26,500 കോടി രൂപയാണ്. അടിയന്തര വായ്‌പ, വർദ്ധിപ്പിച്ച പ്രവർത്തന മൂലധന വായ്പാ വിഭാഗങ്ങളിലായാണ് ഇവ അനുവദിച്ചത്. മാർച്ച് ഒന്നിനും മേയ് നാലിനും ഇടയിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി), ഹൗസിംഗ് ഫിനാൻസ് കമ്പനികൾ (എച്ച്.എഫ്.സി) എന്നിവയ്ക്ക് 77,383 കോടി രൂപയുടെ വായ്‌പയും അനുവദിച്ചു.
എം.എസ്.എം.ഇകൾക്ക്
ക്രെഡിറ്ര് ഗ്യാരന്റി സ്‌കീം
ലോക രാജ്യങ്ങൾ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഏറ്റവും കടുപ്പമേറിയതെന്ന വിശേഷണമാണ് ഇന്ത്യയിലേതിന്. എന്നാൽ, ലോക്ക്ഡൗൺ സൃഷ്‌ടിച്ച സമ്പദ് പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവും ചെറിയ പാക്കേജ് പ്രഖ്യാപിച്ചതും ഇന്ത്യയാണ്; ഇതിനകം ജി.ഡി.പിയുടെ 0.8 ശതമാനം മാത്രം. 1.70 ലക്ഷം കോടി രൂപയുടെ പാക്കേജാണ് മാർച്ചിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്.
വിപുലമായ രണ്ടാം രക്ഷാപാക്കേജ് ഉടനുണ്ടാകുമെന്നാണ് സൂചന. വലുപ്പം വ്യക്തമല്ലെങ്കിലും ജി.ഡി.പിയുടെ രണ്ടു ശതമാനം വരെ അതായത്, മൂന്നുലക്ഷം കോടി രൂപ പ്രതീക്ഷിക്കാം. നിർദ്ധനർ, സ്ത്രീകൾ, കുടിയേറ്റ തൊഴിലാളികൾ, കർഷകർ, എം.എസ്.എം.ഇകൾ, തൊഴിൽ നഷ്‌ടമായവർ എന്നിവർക്കായിരിക്കും മുൻഗണന.
എം.എസ്.എം.ഇകൾക്ക് ക്രെഡിറ്ര് ഗ്യാരന്റി സ്‌കീം ഉണ്ടാകുമെന്ന് സൂചനയുണ്ട്.
10-15% അധിക പ്രവർത്തന മൂലധനം ലഭ്യമാക്കാനാണ് ആലോചന
നിലവിൽ ബാങ്കുകൾ നൽകുന്ന 10% അധിക വായ്പയ്ക്ക് പുറമേയാണിത്.
ധനക്കമ്മി, കേന്ദ്രം
നോട്ടാക്കി മാറ്രുമോ?
രണ്ടാം രക്ഷാപാക്കേജിനുള്ള പണത്തിനായി കേന്ദ്ര സർക്കാർ കടപ്പത്രങ്ങൾ നേരിട്ട് റിസർവ് ബാങ്കിനെ കൊണ്ടു വാങ്ങിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇതിനു തുല്യമായ തുക പുതിയ കറൻസികളായി അച്ചടിച്ച്, റിസർവ് ബാങ്ക് സർക്കാരിന് കൈമാറും. 'ഡെഫിസിറ്ര് മോണെട്ടൈസേഷൻ" എന്നാണ് ഈ പ്രക്രിയയ്ക്ക് പറയുന്നത്.
നാണയപ്പെരുപ്പത്തെ ഭയക്കാതെ, ധനക്കമ്മി നോട്ടാക്കി മാറ്റാൻ അനുകൂല സഹാചര്യമാണതെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ, നോബൽ ജേതാവ് അഭിജിത് ബാനർജി, സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് തുടങ്ങിയവർ അഭിപ്രായപ്പെട്ടിരുന്നു.
സാധാരണ സാഹചര്യത്തിൽ, ഇത്തരം നോട്ടടി പ്രായോഗികമല്ല. നാണയപ്പെരുപ്പം പരിധിവിട്ട് ഉയരും
പക്ഷേ, ഇപ്പോൾ സാഹചര്യം അസാധാരണമാണല്ലോ!