വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈറ്റ്ഹൗസ് വൈറസ് ടാസ്ക് ഫോഴ്സിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ. സാംക്രമിക രോഗ വിദഗ്ദ്ധൻ ഡോ.ആന്തണി ഫൗചി, രോഗനിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങളുടെ കമ്മിഷണർ ഡോ.റോബർട്ട് റെഡ്ഫീൽഡ്, ഭക്ഷ്യ, മരുന്ന് അഡ്മിനിസ്ട്രേഷൻ കമ്മിഷണർ സ്റ്റീഫൻ ഹാൻ എന്നിവരാണ് രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ പ്രവേശിച്ചത്. കൊവിഡ് ബാധിതനായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ മാദ്ധ്യമ സെക്രട്ടറിയായ കാത്തി മില്ലർ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിന്റെ പഴ്സനൽ അസിസ്റ്റന്റ് ,ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഈ സാഹചര്യത്തിൽ മൈക്ക് പെൻസിനും ട്രംപിനും ദിവസവും കൊവിഡ് പരിശോധന നടത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.