roy-horn
ROY HORN

ലാസ്‌വേഗാസ് : കടുവകളെ തോളിലേറ്റിയും ആനയെ അപ്രത്യക്ഷമാക്കിയും ലക്ഷക്കണക്കിന് കാണികളെ അമ്പരിപ്പിച്ച പ്രമുഖ മന്ത്രികൻ റോയ്‌ഹോൺ കൊവിഡ് ബാധിച്ച് മരിച്ചു. ലാസ് വെഗസിലെ പ്രമുഖ കസീനോ ആയ 'ദി മിറാജി'ൽ 14 വർഷത്തോളം സീഗ്ഫ്രൈഡ് ഫിഷ്ബാച്ചറിനൊപ്പം റോയ് അവതരിപ്പിച്ച 'സീക്രട്ട് ഗാർഡൻ ഓഫ് സീഗ്ഫ്രൈഡ് - റോയിക്ക്" ഏറെ ആരാധകരുണ്ടായിരുന്നു.

ജർമ്മൻകാരായ ഇരുവരും ഒരു ആഡംബര കപ്പലിലെ ജീവനക്കാരായിരുന്നു. സീഗ്ഫ്രൈഡ് ആ കപ്പലിലെ മജീഷ്യനും റോയ് സ്റ്റുവേർഡും. 1967ൽ ഇരുവരും ലാസ്‌വേ‌ഗസിലെത്തി മാജിക് തുടങ്ങി. 1989ൽ മാജിക്കും സർക്കസും ഇടകലർത്തി മിറാജിൽ ഷോ ആരംഭിച്ചു. 2003ൽ ഷോയ്ക്കിടെ വെള്ളക്കടുവ റോയിയുടെ കഴുത്തിൽ കടിച്ച് മുറിവേൽപ്പിക്കുന്നത് വരെ പരിപാടി തുടർന്നു. അന്ന് കടുവ കഴുത്തിൽ കടിച്ചു പിൻസ്റ്റേജിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതിനെ തുടർന്ന് റോയിയുടെ ശരീരം ഭാഗികമായി തളർന്നിരുന്നു. സംസാരശേഷിക്കും തകരാറുണ്ടായി. ഇതൊക്കെ തരണം ചെയ്ത് ജീവിതത്തിലേക്ക് തിരികെയെത്തിയ റോയ് സീഗ്ഫ്രൈഡുമായി ചേർന്ന് 2010 വരെ ഷോകൾ ചെയ്തിരുന്നു.

കൊവിഡ് 19 ബാധിച്ച് ലാസ്‌വേഗസിലെ മൗണ്ടൻ വ്യൂ ആശുപത്രിയിൽ ചികിത്സയിലായിരുന്നു റോയ്.