poornima-indrajith

മാതൃദിനത്തില്‍ തന്റെ അമ്മമാർക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടിയും ഫാഷൻ ഡിസെെനറുമായ പൂർണിമ ഇന്ദ്രജിത്ത്. മാതൃത്വം എങ്ങിനെ വേണമെന്നതിന് ഒരു നിയമമൊന്നുമില്ലെന്നും പൂർണിമ പറയുന്നു.

"ലോകത്തില്‍ നമ്മളാഗ്രഹിക്കുന്ന മാറ്റം നമുക്കു നമ്മളില്‍ തന്നെ കൊണ്ടു വരാം. എനിക്ക് മാതൃത്വം എന്നാല്‍ വികാരമാണ്. ഞാന്‍ ജന്മം നല്‍കിയവരെയും എനിക്ക് ജന്മം തന്നവരെയും ഹൃദയത്തോടു ചേര്‍ത്തു പിടിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരം. മക്കളെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന അമ്മമാര്‍ക്കും ഹാപ്പി മദേഴ്‌സ് ഡേ"-താരം ഫേസ്ബുക്കിൽ കുറിച്ചു.

പൂര്‍ണിമയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

'മാതൃത്വവും അമ്മമാരും അവരുടെ ശബ്ദങ്ങളും എന്നും ആഘോഷിക്കപ്പെടേണ്ടവയാണ്. കുട്ടികളെ വളര്‍ത്തി വലുതാക്കുന്നതിന് ഒരു പ്രത്യേക ഫോര്‍മുല ഒന്നുമില്ല. താരതമ്യവും ന്യായീകരണവുമുണ്ടായേക്കാം. ഈ യുദ്ധം ജയിക്കാനുളള തത്രപ്പാടില്‍ ചിലരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനുള്ള ശ്രമങ്ങളും നടക്കും. എന്നാല്‍ അപ്പോഴും യഥാര്‍ത്ഥ രീതിയെന്തെന്ന് ആരും കണ്ടു പിടിക്കുന്നുമില്ല. നമുക്കൊക്കെ വ്യത്യസ്ത കഥകളല്ലേ ഉളളത്? പ്രത്യേക പാരന്റിംഗ് രീതികള്‍ കൈക്കൊള്ളുന്ന അമ്മമാര്‍ മാത്രമല്ല, നമ്മളോരോരുത്തരും ഓരോ വ്യക്തിത്വങ്ങളുമാണ്.

അതിനാല്‍ തന്നെ നമ്മുടെ പശ്ചാത്തലവുമെല്ലാം വച്ച് വ്യത്യസ്ത തീരുമാനങ്ങളായിരിക്കും നമ്മളെടുക്കുക. നമ്മള്‍ മാത്രമല്ല, നമ്മുടെ മക്കളും വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്ന് നമ്മള്‍ മറന്നു പോകുന്നു. മാതൃത്വം എങ്ങിനെ വേണമെന്നതിന് ഒരു നിയമമൊന്നുമില്ല. പലപ്പോഴും തെറ്റുകള്‍ സംഭവിക്കാം. നമ്മള്‍ പല വഴികളും തിരഞ്ഞെടുക്കാം. എന്നാലും നമ്മുടെ കുഞ്ഞുങ്ങളെ നമ്മള്‍ സ്‌നേഹിക്കുന്നുണ്ട്. അവര്‍ക്ക് നല്ലതു വരണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്.

അതുകൊണ്ട് പരസ്പരം പഴി ചാരാതെയും വേദനിപ്പിക്കാതെയും നമുക്ക് ഒന്നു ചേരാം. എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കാം. അതു തന്നെയല്ലേ ആരോഗ്യകരം? മോശമെന്നും നന്നാകൂവെന്നുമുള്ള കുത്തുവാക്കുകള്‍ക്കു പകരം പരസ്പരം മനസ്സിലാക്കാനും ബഹുമാനിക്കാനും ശ്രദ്ധിക്കാം. ലോകത്തില്‍ നമ്മളാഗ്രഹിക്കുന്ന മാറ്റം നമുക്കു നമ്മളില്‍ തന്നെ കൊണ്ടു വരാം. എനിക്ക് മാതൃത്വം എന്നാല്‍ വികാരമാണ്. ഞാന്‍ ജന്മം നല്‍കിയവരെയും എനിക്ക് ജന്മം തന്നവരെയും ഹൃദയത്തോടു ചേര്‍ത്തു പിടിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരം. മക്കളെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന അമ്മമാര്‍ക്കും ഹാപ്പി മദേഴ്‌സ് ഡേ. ഈ പ്രയാസത്തിനുമൊക്കെ അപ്പുറത്ത് ഒരു മഴവില്‍ കുഞ്ഞ് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കരുത്തരായിരിക്കൂ. പോസിറ്റീവായി ചിന്തിക്കൂ.'