വാഷിംഗ്ടൺ ഡി.സി: ലിറ്റിൽ റിച്ചാർഡ് വിടവാങ്ങുമ്പോൾ ഒരു തലമുറയ്ക്ക് നഷ്ടമാകുന്നത് സംഗീത ലോകത്ത് പുതിയ ആകാശം പണിതീർത്ത ഒരു അതുല്യപ്രതിഭയെ ആണ്. റോക്ക് ആൻഡ് റോൾ സംഗീതത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ റിച്ചാർഡ് കാരണമാണ് ആ ശാഖ ലോകമെമ്പാടും ഇത്ര മേൽ പ്രസിദ്ധിയാർജിച്ചതെന്ന് ബോംബ് ധിലനെപ്പോലുള്ളവർ ഉറപ്പിച്ച് പറയുന്നുണ്ട്. നീണ്ട 73 വർഷക്കാലം സംഗീതത്തിന് വേണ്ടി ഉഴിഞ്ഞ് വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
സ്വവർഗപ്രേമിയായതിനാൽ പിതാവ് റിച്ചാർഡിനെ ക്രൂരമായി മർദ്ധിച്ചിരുന്നു. ഒടുവിൽ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ വിഷമത്തിൽ നിന്നെല്ലാം അദ്ദേഹം മോചനം നേടിയത് സംഗീതത്തിലൂടെ ആയിരുന്നു. അമിത മദ്യപാനവും മയക്ക്‌മരുന്ന് ഉപയോഗവുമെല്ലാം ജീവിതത്തിന്റെ താളം തെറ്റിച്ചെങ്കിലും സംഗീതത്തോടുള്ള ഭ്രമം അതിനെയെല്ലാം തരണം ചെയ്യാൻ റിച്ചാർഡിനെ സഹായിച്ചു.
സംഗീതലോകത്തിലേക്ക്
മികച്ച പ്രകടനം, സുന്ദരമായ ശബ്ദം, പ്രത്യേക രീതിയിലുള്ള വസ്ത്രധാരണം എന്നീ ഘടകങ്ങളാണ് റിച്ചാർഡിനെ ആരാധകരിലേക്ക് അടുപ്പിച്ചത്.
1955ൽ ഇറങ്ങിയ ടൂട്ടി ഫൂട്ടി എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുന്നത്.
ഗുഡ് ഗോളി മിസ് മോളി,ലോംഗ് ടോൾ സാലി, ലൈഫ് ടൈം ഫ്രണ്ട്, ദ കിംഗ് ഒഫ് ദ ഗോസ്പൽ സിംഗേഴ്സ്, ദ റിൽ തിംഗ് അങ്ങനെ അനവധി ആൽബങ്ങളും സിംഗിളുകളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ലോകമെമ്പാടും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ 30 ദശലക്ഷത്തിലധികം റെക്കോര്‍ഡുകളാണ് വിറ്റുപോയത്.
വർഷങ്ങളോളം സംഗീതലോകത്ത് നിറഞ്ഞു നിന്നിട്ടും ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ കണ്ണിലുണ്ണിയായി മാറിയിട്ടും, അർഹിക്കുന്ന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയോ എന്ന് സംശയമാണ്. 1993ൽ ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ഗ്രാമി ഹാൾ ഒഫ് ഫെയിമിൽ ഉൾപ്പെടുത്തിയതും ഒഴിച്ചാൽ പറയത്തക്ക പ്രശസ്തമായ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.