kids-died-in-usa
KIDS DIED IN USA

ന്യൂയോർക്ക്: കൊവിഡുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അജ്ഞാത രോഗം ബാധിച്ച് ന്യൂയോർക്കിൽ മൂന്നു കുട്ടികൾ മരിച്ചതായി ഗവർണർ ആൻഡ്രൂ കൂമോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. രക്തക്കുഴലുകൾ ചീർക്കുകയും അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്ന അസുഖത്തെ 'ഒരു പുതിയ രോഗം' എന്നാണ് കൂമോ വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള 75 കേസുകൾ ആരോഗ്യവകുപ്പ് അധികൃതർ പരിശോധിച്ച് വരികയാണ്.

ബ്രിട്ടനിലും സമാനമായ അസുഖം ബാധിച്ച് കുട്ടികൾ മരിച്ചിരുന്നു. 'കവാസാക്കി'യെന്നാണ് ആദ്യം വിചാരിച്ചിരുന്നതെങ്കിലും അജ്ഞാത രോഗത്തിന് കവാസാക്കിയുമായി സാമ്യം മാത്രമേ ഉള്ളൂവെന്നാണ് പുതിയ കണ്ടെത്തൽ.

രോഗികളായ പല കുട്ടികളിലും ആദ്യം കൊവിഡിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കൊവിഡ് പോസിറ്റീവ് ആകുകയോ കൊവിഡുമായി ബന്ധപ്പെട്ട ആന്റിബോഡികളുടെ സാന്നിദ്ധ്യം ഇവരിൽ കണ്ടെത്തുകയോ ചെയ്തിരുന്നു.