libya
LIBYA

ട്രിപ്പോളി: ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലെ മിറ്റിഗ വിമാനത്താവളത്തിന് നേരെ ശനിയാഴ്ച വിമതർ നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. 80 റോക്കറ്റുകളെങ്കിലും വിമാനത്താവളത്തിന് നേരെ വിക്ഷേപിക്കപ്പെട്ടതായി ലിബിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇന്ധന ഡിപ്പോകളും ട്രക്കുകളും കത്തിനശിച്ചു. ഇത് കൂടാതെ, പറന്നുയരാൻ തയ്യാറായി കിടന്ന ഒരു വിമാനവും രണ്ട് എയർബസുകൾ തകർന്നിട്ടുണ്ട്. കൊവിഡ് മൂലം സ്‍പെയിനിൽ കുടുങ്ങിയ ലിബിയൻ പൗരന്മാരെ തിരികെയെത്തിക്കാൻ പോവുകയായിരുന്ന വിമാനമാണ് തകർന്നത്. വിമാനത്തിൽ ആളില്ലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ട്രിപ്പോളിയിൽ സാധാരണ ജനങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയുടെ ലിബിയൻ ദൗത്യം അപലപിച്ച് മണിക്കൂറുകൾക്കകമാണ് ആക്രമണമുണ്ടായത്.
ട്രിപ്പോളിയിൽ നിലവിൽ പ്രവർത്തനക്ഷമമായ ഏക അന്ത്രാഷ്ട്ര വിമാനത്താവളമാണ് മിറ്റിഗയിലേത്. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ വിമത ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന സർവീസുകൾ നിറുത്തിവച്ചിരുന്നു.