pm-cm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. കൊവിഡ് വ്യാപനം തടയാനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോദി മുഖ്യമന്ത്രിമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ കൂടിക്കാഴ്ചയിൽ വിലയിരുത്തും.

മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ലോക്ക് ഡൗണുമായി ബന്ധപ്പെട്ടുള്ള നിർണായക തീരുമാനം കേന്ദ്രസർക്കാർ എടുക്കുക എന്നാണ് റിപ്പോർട്ട്. രാജ്യം ഇനിയൊരു ഒരു സമ്പൂർണ്ണ ലോക്ഡൗണിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റക്കാരെക്കുറിച്ച് നാളത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കും.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട് . കഴിഞ്ഞ രണ്ടാഴ്ചയായി മിക്ക സംസ്ഥാനങ്ങളും കൃഷി, നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള ചില മേഖലകളിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, മിക്ക സംസ്ഥാനങ്ങളും പ്രധാന വരുമാന സ്രോതസ്സായ മദ്യവിൽപ്പന പുനരാരംഭിച്ചു. രാജ്യത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാരാണ് ആവശ്യമുന്നയിച്ചത്.