ഡൈനമോ ഡ്രെസ്ഡെൻ ടീം അംഗങ്ങൾ ക്വാറന്റൈനിൽ
ബെർലിൻ: രണ്ടാം ഡിവിഷൻ ഫുട്ബാൾ ക്ളബ് ഡൈനമോ ഡ്രെസ്ഡന്റെ രണ്ട് കളിക്കാർക്ക് കഴിഞ്ഞ ദിവസം കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും ഇൗ മാസം 16ന് ഫസ്റ്റ് ഡിവിഷൻ മത്സരമായ ബുണ്ടസ് ലീഗ പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ജർമ്മൻ ഫുട്ബാളർ. ഡ്രെസ്ഡന്റെ എല്ലാ കളിക്കാരെയും സ്റ്റാഫുകളെയും നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ജീവിതത്തെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നതിനായി ഫുട്ബാൾ മത്സരങ്ങൾ വീണ്ടും തുടങ്ങണമെന്ന ആശയത്തെ മാനിച്ചാണ് ജർമ്മൻ സർക്കാർ ബുണ്ടസ് ലീഗ പുനരാരംഭിക്കാൻ അനുമതി നൽകിയത്. എല്ലാകളിക്കാരുടെയും ക്ളബ് ജോലിക്കാരുടെയും കൊവിഡ് ടെസ്റ്റ് നടത്തിയശേഷമാണ് പരിശീലനത്തിന് അനുമതി നൽകിയത്. ഫസ്റ്റ് ഡിവിഷൻ ക്ളബുകളുടെ പരിശോധന കഴിഞ്ഞപ്പോൾ കൊളോൺ ക്ളബിന്റെ മൂന്ന് കളിക്കാർക്ക് രോഗബാധ കണ്ടെത്തി. തുടർന്ന് ടീമിനെ മുഴുവൻ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. തുടർന്ന് രണ്ടാം ഡിവിഷനിലേക്ക് കടന്നപ്പോഴാണ് ഡ്രെസ്ഡെൻ ടീമിൽ രോഗബാധിതരുണ്ടെന്ന് അറിഞ്ഞത്.
ഒന്നോ രണ്ടോ കേസുകളുടെപേരിൽ സീസൺ മുഴുവൻ വീണ്ടും നിറുത്തിവയ്ക്കുന്നത് അനുചിതമാണെന്ന് ലീഗ് തലവൻ ക്രിസ്റ്റ്യൻ സീഫർട്ട് പറഞ്ഞു.യൂറോപ്പിൽ ആദ്യം പുനരാംരഭിക്കുന്ന ലീഗാണ് ജർമ്മനിയിലേത്. കാണി
കളെക്കൂടാതെയാകും മത്സരങ്ങൾ നടക്കുക.ഇരു ടീമുകളിലെയും കളിക്കാരും ഒഫിഷ്യലുകളും മാധ്യമപ്രവർത്തകരും ഉൾപ്പടെ 300 പേർക്ക് മാത്രമാകും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. മത്സരം തുടങ്ങുന്നതിന് മുമ്പ് എല്ലാ ടീമുകളും ഒരാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 30ന് ലീഗ് പൂർത്തിയാക്കും.
ലോകത്ത് ദീർഘകാലം ഫുട്ബാൾ ഇല്ലാതിരിക്കുക പ്രയാസമാണ്. ജർമ്മൻ ലീഗ് തിരിച്ചുവരുന്നതോടെ യൂറോപ്പിൽ മാത്രമല്ല ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടും.
ജെ.ജെ ലാൽ പെഖുല
ഇന്ത്യൻ ഫുട്ബാളർ