സമ്മതപത്രത്തിന്റെ പേരിൽ പൊലീസും
ശ്മശാനം അധികൃതരും തട്ടിക്കളിച്ചു
അമ്പലപ്പുഴ: താമസിച്ചിരുന്നിടത്ത് പട്ടടയൊരുക്കാൻ ഒരുപിടി മണ്ണില്ലാത്ത വൃദ്ധയുടെ മൃതദേഹവുമായി ബന്ധുക്കൾ ശ്മശാനവും പൊലീസ് സ്റ്റേഷനും കയറിയിറങ്ങി അലഞ്ഞത് മൂന്നു മണിക്കൂർ. മാതൃദിനമായ ഇന്നലെ വൃദ്ധയുടെ മൃതശരീരവുമായി നടുറോഡിൽ കഴിഞ്ഞതിന്റെ വേദനയിലാണ് ബന്ധുക്കൾ.
പുന്നപ്ര തെക്കു പഞ്ചായത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന ദളിത് വൃദ്ധയുടെ മൃതദേഹത്തിനാണ് ദുർഗതിയുണ്ടായത്. ഹരിപ്പാട് കാർത്തികപ്പള്ളി സ്വദേശിയായ പരേതനായ തങ്കപ്പന്റെ ഭാര്യ സരസമ്മ (78) ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് മരിച്ചത്. മക്കളില്ലാത്ത വൃദ്ധയുടെ സംസ്കാരം ഇന്നലെ രാവിലെ 10ന് ആലപ്പുഴ നഗരസഭയിലെ വലിയ ചുടുകാട് ശ്മശാനത്തിൽ നടത്താമെന്ന് സമീപത്തു താമസിക്കുന്ന സഹോദരി ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കളെത്തി രാവിലെ 10 ഓടെ ആംബുലൻസിൽ മൃതദേഹവുമായി ശ്മശാനത്തിലെത്തി.എന്നാൽ സരസമ്മ നഗരസഭയിലെ താമസക്കാരിയല്ലാത്തതിനാൽ പുന്നപ്ര പൊലീസിന്റെ സമ്മതപത്രമുണ്ടെങ്കിലേ സംസ്കാരം നടത്താനാവൂ എന്നായി ശ്മശാനം അധികൃതർ. മൃതദേഹവുമായി ബന്ധുക്കൾ പുന്നപ്ര പൊലീസ് സ്റ്റേഷനിലെത്തി. അസ്വാഭാവിക മരണമല്ലാത്തതിനാൽ പഞ്ചായത്തിന്റെ സമ്മതപത്രം മതിയെന്ന് പൊലീസ്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രന്റെയും പഞ്ചായത്തംഗം സലീനയുടെയും സമ്മതപത്രവുമായി മൃതദേഹം വീണ്ടും ചുടുകാട്ടിലെത്തിച്ചു. പക്ഷേ, പൊലീസിന്റെ സമ്മതപത്രം വേണമെന്ന വാശിയിൽ ശ്മശാനം അധികൃതർ ഉറച്ചുനിന്നു. ബന്ധുക്കളും പ്രസിഡന്റും പഞ്ചായത്തംഗവും വീണ്ടും പുന്നപ്ര പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ധരിപ്പിച്ചു.സമ്മതപത്രം നൽകാൻ നിരവധി നിയമ നടപടികളുണ്ടെന്ന് പൊലീസിന്റെ വിശദീകരണം.
ഇതിനിടെ, സരസമ്മയുടെ ബന്ധുവും ചങ്ങനാശേരി നഗരസഭ ചെയർമാനുമായ അനിൽകുമാറും പൊലീസ് സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ പി.വി.പ്രസാദുമായി സംസാരിച്ചു. മൃതദേഹം റോഡിൽ ആംബുലൻസിൽ കിടത്തിയിരിക്കുന്നതിനാൽ സമ്മതപത്രം നൽകാമെന്ന് ഒടുവിൽ പൊലീസ് സമ്മതിച്ചതോടെ 12.40 ന് ചുടുകാട്ടിൽ സംസ്കാര ചടങ്ങുകൾ നടന്നു.
വർഷങ്ങളായി പുന്നപ്ര തെക്കു പഞ്ചായത്ത് എട്ടാം വാർഡിൽ പോത്തശേരി വീട്ടിൽ വാടകയ്ക്കാണ് സരസമ്മ താമസിച്ചിരുന്നത്. ഒന്നര വർഷമായി കിടപ്പിലായ ഇവർക്ക് മക്കളില്ലാത്തതിനാൽ സമീപത്തു താമസിക്കുന്ന സഹോദരിയാണ് കാര്യങ്ങൾ നോക്കിയിരുന്നത്.