covid-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഏഴ് പേരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നെത്തിയവരാണ്.. തൃശ്ശൂര്‍ ജില്ലയില്‍ രണ്ടുപേരും മലപ്പുറം ജില്ലയില്‍ ഒരാളുമാണ് രോഗബാധ സ്ഥിരീകരിച്ച പ്രവാസികള്‍. ഏഴാം തീയതി അബുദാബിയില്‍നിന്നെത്തിയ വിമാനത്തിൽ വന്നരാണ് ഇവര്‍.

ഇന്നലെയും രണ്ട് പ്രവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഒരാള്‍ കരിപ്പൂരിലും ഒരാള്‍ കൊച്ചിയിലും വിമാനമിറങ്ങിയവരായിരുന്നു. അടുത്തദിവസങ്ങളിലും അടുത്തിടെ എത്തിയ പ്രവാസികളില്‍ രോഗബാധ സ്ഥിരീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

വയനാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാള്‍ തമിഴ്‌നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് തിരിച്ചെത്തിയ ആളാണ്. മറ്റു രണ്ടുപേര്‍ കഴിഞ്ഞ ആഴ്ച കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവറുമായി പരോക്ഷമായ സമ്പര്‍ക്കമുണ്ടായവരാണ്.

ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 135 പേരില്‍ കൂടുതല്‍ പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് സൂചന. വിദേശത്തുനിന്നെത്തുന്നവരെയും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരെയും നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നതിനാല്‍ ഇവരുടെ രോഗബാധ വലിയ ആശങ്കയയുര്‍ത്തുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.