കൊൽക്കത്ത: കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് 30 വരെ നീട്ടണമെന്നും റംസാനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഇക്കുറി വേണ്ടെന്നും ആവശ്യപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ച് ബംഗാൾ ഇമാം അസോസിയേഷൻ. നിലവിലെ സാഹചര്യത്തിൽ ആഘോഷപരിപാടികൾ വേണ്ടായെന്നും ഉത്സവാഘോഷങ്ങൾക്കായി കാത്തിരിക്കാമെന്നുമാണ് ഇമാം അസോസിയേഷൻ മുഖ്യമന്ത്രി മമതയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
'മെയ് 25നാണ് റമസാന്‍. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് റമസാന്‍ ആഘോഷം വരുന്നത്. ആദ്യം ജനങ്ങൾ രോഗത്തെ അതിജീവിക്കട്ടെ. ഇതിനോടകം തന്നെ ഒരുപാട് കാര്യങ്ങൾ ത്യജിച്ചിട്ടുണ്ട്. ഒരിക്കൽ കൂടി അതിനായി ഞങ്ങൾ തയ്യാറാണ്. ' ഇമാം അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
മെയ് 17 വരെയുള്ള ലോക്ക്ഡൗൺ മെയ് 21 വരെ സംസ്ഥാനത്ത് നീട്ടിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനം റംസാൻ ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ മമത സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . ഈ പശ്ചാത്തലത്തിലാണ് രോഗവ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടണമെന്ന് ബംഗാള്‍ ഇമാം അസോസിയേഷന്‍ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.