പാരീസ് : സെപ്തംബറിലേക്ക് മാറ്റിവച്ചിരിക്കുന്ന ഫ്രഞ്ച് ഒാപ്പൺ ടെന്നിസ് മത്സരങ്ങൾ കാണികളില്ലാതെയാകും നടത്തുകയെന്ന് സംഘാടക സമിതി തലവൻ ബെർനാഡ് ഗെയ്ഡിസെല്ലി അറിയിച്ചു. ഇൗ മാസം 24 മുതൽ ജൂൺ ഏഴുവരെയായിരുന്നു ഫ്രഞ്ച് ഒാപ്പൺ നടക്കേണ്ടിയിരുന്നത്. കൊവിഡിനെത്തുടർന്ന് അത് സെപ്തംബർ 20 ഒക്ടോബർ നാലുവരെയായി മാറ്റുകയായിരുന്നു. ഇൗ സീസണിലെ നാല് ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റുകളിൽ ആസ്ട്രേലിയൻ ഒാപ്പൺ മാത്രമേ നടന്നിട്ടുള്ളൂ. ഫ്രഞ്ച് ഒാപ്പണിന് ശേഷം നടക്കേണ്ടിയിരുന്ന വിംബിൾഡൺ റദ്ദാക്കിക്കഴിഞ്ഞു. അവസാന ഗ്രാൻഡ്സ്ളാമായ യു.എസ് ഒാപ്പണിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.