കൊൽക്കത്ത: പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ഹരി ശങ്കർ വാസുദേവൻ (68) കൊവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്ത സാൾട്ട് ലേക്കിലെ വസതിക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അന്ത്യം.
പനി ബാധിച്ച് മേയ് നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുദിവസത്തിനു ശേഷം കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനാഫലം വന്നു. പിന്നാലെ, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. ശനിയാഴ്ച രാത്രി രണ്ടുതവണ ഹൃദയാഘാതമുണ്ടായി.
യൂറോപ്യൻ, റഷ്യൻ ചരിത്രത്തിലും രാഷ്ട്രീയത്തിലും, ഇന്ത്യ- റഷ്യ ബന്ധത്തിലും ആഴത്തിൽ അറിവുണ്ടായിരുന്ന വാസുദേവൻ കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നാണ് ഡോക്ടറേറ്റ് നേടിയത്. കൊൽക്കത്ത സർവകലാശാലയിൽ പ്രൊഫസറും ചൈനാ സെന്ററിന്റെ ഡയറക്ടറുമായിരുന്നു.
ലണ്ടൻ കിംഗ്സ് കോളേജ്, ഡൽഹി ജാമിയ മിലിയ സർവകലാശാല എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 2011-14 കാലയളവിൽ ഇന്ത്യൻ കൗൺസിൽ ഒഫ് ഹിസ്റ്റോറിക്കൽ റിസർച്ച് അംഗമായിരുന്നു. ചരിത്രവും വിദ്യാഭ്യാസവും സംബന്ധിച്ച നിരവധി സർക്കാർ കമ്മിറ്റികളിൽ അംഗമായിരുന്നു.
ഹരിശങ്കറിന്റെ നിര്യാണത്തിൽ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകർ ഉൾപ്പെടെ നിരവധിപേർ അനുശോചനം അറിയിച്ചു.
ചരിത്രകാരിയായ തപ്തി ഗുഹാ താക്കൂർത്തയാണ് ഭാര്യ.