മാതൃദിനത്തിൽ സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ മിക്ക കായിക താരങ്ങളും അവരുടെ അമ്മയോടൊപ്പമുള്ള ചിത്രങ്ങളും ഒാർമ്മകളും പങ്കുവച്ചു . അവയിൽ ചിലത് ഇതാ...
സുരേഷ് റെയ്ന
ഇന്ത്യൻ ക്രിക്കറ്റർ
അമ്മ : പർവേഷ് റെയ്ന
1998ൽ ഞാൻ ലക്നൗ സ്പോർട്സ് കോളേജിൽ പഠിക്കാനായി പോകുമ്പോൾ എന്റെ അമ്മയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നത് ഭയങ്കര പേടിയായിരുന്നു. അക്കാലത്ത് മൊബൈൽ ഫോണൊന്നും നമ്മുടെ പക്കലേക്ക് എത്തിയിട്ടില്ല. ഒരു പിടി ഉപദേശങ്ങളുമായാണ് അമ്മ ട്രെയിൻ കയറ്റി വിട്ടത്. എത്തിയാലുടൻ വീട്ടിലേക്ക് ഫോൺ ചെയ്യണം, ട്രെയിനിൽ ആരിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുത്. ആരോടും വഴക്കുണ്ടാക്കരുത് എന്നിങ്ങനെയായിരുന്നു ഉപദേശങ്ങൾ. എനിക്ക് കഴിക്കാനുള്ള ഭക്ഷണവും അമ്മ പൊതിഞ്ഞുതന്നിരുന്നു. അന്നുമുതൽ എല്ലാദിവസവും ഞാൻ വീട്ടിലേക്ക് കത്തയയ്ക്കുമായിരുന്നു. എന്നും പോസ്റ്റുമാൻ വരുമ്പോൾ വീട്ടിൽ നിന്ന് കത്തുണ്ടോ എന്ന് അറിയാൻ ക്ളാസിന് വെളിയിൽ കാത്തിരിക്കും.എന്നെക്കാണുമ്പോൾ പോസ്റ്റ്മാൻ കളിയാക്കുമായിരുന്നു.
ഞാൻ ഇന്ത്യൻ താരമായശേഷം ഹോളണ്ടിൽ താമസിക്കവേ അമ്മയെ അങ്ങോട്ടേയ്ക്ക് ക്ഷണിച്ചു. എന്റെ ഒരു സുഹൃത്താണ് ആ യാത്രയിൽ വിമാനത്തിന്റെ ഫസ്റ്റ്ക്ളാസിൽ അമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നത്. എന്റെ അമ്മയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കാബിൻ ക്രൂ അമ്മയ്ക്ക് പ്രത്യേക പരിഗണന നൽകി. എന്റെ അമ്മയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അമ്മ അന്ന് പറഞ്ഞത് ഇപ്പോഴും ഒാർക്കുമ്പോൾ സന്തോഷമുണ്ട്.
നേഹാ ഗോയൽ
ഇന്ത്യൻ ഹോക്കി താരം
അമ്മ : സാവിത്രി ദേവി
ഞങ്ങൾ മൂന്ന് സഹോദരിമാരായിരുന്നു വീട്ടിൽ . അച്ഛൻ തികഞ്ഞ മദ്യപാനിയും. മാസങ്ങളോളം അച്ഛൻ വീട്ടിൽ വരാറുണ്ടായിരുന്നില്ല. അന്ന് അമ്മയാണ് വീട്ടുജോലി ചെയ്ത് ഞങ്ങൾ മൂന്ന് പെൺകുട്ടികളെയും വളർത്തിയത്. അടുത്തുള്ള ചെറിയ ഫാക്ടറികളിലും അമ്മ ജോലിക്ക് പോകുമായിരുന്നു.വളരെക്കുറഞ്ഞ ശമ്പളമാണ് അമ്മയ്ക്ക് കിട്ടിയിരുന്നത്. മാസം ഏതാണ്ട് ആയിരത്തോളം രൂപ മാത്രം. ആ പണം കൊണ്ടാണ് അമ്മ ഞങ്ങളെ സ്കൂളിലയച്ചത്.
അമ്മയുടെ അദ്ധ്വാനം ഒന്നുകൊണ്ടുമാത്രമാണ് എനിക്ക് ഹോക്കി കളിക്കാരിയാകാൻ പറ്റിയത്.ഇപ്പോൾ അമ്മയ്ക്ക് കൂലിപ്പണിക്ക് പോകേണ്ട ആവശ്യമില്ല. എന്റെ സമ്പാദ്യത്തിൽ നിന്ന് അമ്മയ്ക്ക് നല്ലൊരു വീട് വച്ചുകൊടുക്കണം.
ജി.സത്യൻ
ടേബിൾ ടെന്നിസ് താരം
അമ്മ : മലർക്കൊടി
കഴിഞ്ഞ വർഷം അമ്മയോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ എന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അച്ഛൻ മരിച്ച ശേഷം പഴയ വീടു വിട്ടുവരാൻ അമ്മ ഒരുക്കമായിരുന്നില്ല. എന്നാൽ പുതിയ വീട്ടിന് ഞാൻ അച്ഛന്റെ പേരാണിട്ടത്. അത് അമ്മയ്ക്ക് സന്തോഷമായി. അങ്ങനെയാണ് അമ്മ ആ വീട്ടിലേക്ക് വന്നത്. പുതിയ വീട്ടിൽ അച്ഛനും നമുക്കൊപ്പമുണ്ടെന്ന് അമ്മ പറയും.
2015ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ ഞാൻ ആദ്യമായി അചാന്ത ശരത്കമലിനെത്തോൽപ്പിച്ചപ്പോൾ കളി കാണാൻ അമ്മയുമുണ്ടായിരുന്നു. അച്ഛൻ മരിച്ച ശേഷം ആദ്യമായാണ് അമ്മ അന്ന് ദേശീയ ചാമ്പ്യൻഷിപ്പിനെത്തിയത്. അന്ന് സെമിയിൽ ശരത്കമലിനെതിരെ ജയിച്ചപ്പോൾ ഞാൻ ഒാടിച്ചെന്ന് അമ്മയെകെട്ടിപ്പിടിച്ചു.
വിജേന്ദർ സിംഗ്
ബോക്സർ
അമ്മ : കൃഷ്ണദേവി
ഞാൻ ബോക്സിംഗ് തുടങ്ങിയ കാലത്ത് എനിക്ക് മുഖത്ത് പരിക്കേറ്റു. പതിനാലോ പതിനഞ്ചോ വയസാണ് പ്രായം. ആ മുറിവുമായി വീട്ടിലെത്തിയപ്പോൾ അമ്മ കരച്ചിൽ തുടങ്ങി. മൂന്ന് സ്റ്റിച്ചേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ എന്റെ കണ്ണുപോയെന്നാണ് അമ്മ കരുതിയത്. എനിക്ക് ഇനി കല്യാണം നടക്കില്ലെന്ന് പറഞ്ഞായിരുന്നു അമ്മയുടെ കരച്ചിൽ.കെട്ടഴിച്ച് കണ്ണിന് ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പാക്കിയിട്ടേ കണ്ണീർ തോർന്നുള്ളൂ. ഇനി ബോക്സിംഗ് വേണ്ടെന്ന് അന്ന് അമ്മ കട്ടായം പറഞ്ഞെങ്കിലും പിന്നീട് എന്റെ കൂടെ നിന്നു.
മൻപ്രീത് സിംഗ്
ഇന്ത്യൻ ഹോക്കി താരം
അമ്മ : മൻജിത്ത് കൗർ
2016ൽ എന്റെ പിതാവ് മരിക്കുമ്പോൾ ഞാൻ മലേഷ്യയിൽ സുൽത്താൻ അസ്ളൻഷാ കപ്പിൽ കളിക്കുകയായിരുന്നു.പെട്ടെന്ന് ഞാൻ മടങ്ങിയെത്തി. സംസ്കാരം കഴിഞ്ഞ് ശ്മശാനത്തിൽ നിന്ന് മടങ്ങുമ്പോൾ അമ്മ എന്നോടുപറഞ്ഞത് ജീവിതത്തിൽ ഒരിക്കലും മറക്കില്ല. " സംഭവിക്കാനുള്ളത് സംഭവിച്ചു. വിധിയെ തടുക്കാൻ നമുക്ക് കഴിയില്ല. ഇന്ത്യൻ ടീമിന് നിന്നെ ആവശ്യമുണ്ട്. എത്രയും പെട്ടെന്ന് പോയി ടീമിനൊപ്പം ചേർന്നു.രാജ്യത്തിന് വേണ്ടി കളിച്ച് വിജയം നേടുകയായിരുന്നു അച്ഛന്റെ സ്വപ്നം. അത് സഫലമാക്കണം."- എന്നാണ് അമ്മ പറഞ്ഞത്.അന്നുമുതൽ എന്റെ പിന്നിലെ ശക്തിയായി അമ്മയുണ്ട്.
ലവ്‌ലിന ബോഗെർഹെയ്ൻ
ബോക്സിംഗ് താരം
അമ്മ : മമോനി
ഞങ്ങൾ മൂന്ന് പെൺകുട്ടികളെ വളർത്താൻ അച്ഛനുമ്മയും വളരെ കഷ്ടപ്പെട്ടിരുന്നു. അച്ഛന്റെ ചെറിയ വരുമാനത്തിൽ നിന്ന് വേണമായിരുന്നു എല്ലാം നടക്കാൻ. എന്നാൽ ഒന്നിനെക്കുറിച്ചും ഒരിക്കലും അമ്മ പരാതി പറഞ്ഞില്ല. ഞങ്ങളുടെ പഠനത്തിന് ഒരു കുറവും വരുത്താതിരിക്കാൻ പല സൗകര്യങ്ങളും വേണ്ടെന്നുവയ്ക്കാനും തയ്യാറായി.അമ്മയ്ക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ വിലനന്നായി അറിയാമായിരുന്നു.
വീട്ടുവളപ്പിൽ പച്ചക്കറികൾ കൃഷിചെയ്ത് ചന്തയിൽ കൊണ്ടുചെന്ന് വിറ്റ് അമ്മ ചെറിയ സമ്പാദ്യമൊക്കെ ഉണ്ടാക്കിയിരുന്നു.അമ്മ ചന്തയിൽ പച്ചക്കറിയുമായി ഇരിക്കുന്നതു കണ്ട് കൂട്ടുകാരികൾ ഞങ്ങളെ കളിയാക്കുമായിരുന്നു. അത് പറയുമ്പോഴൊക്കെ പഠിച്ചു ജോലിവാങ്ങിക്കഴിയുമ്പോൾ ആ കളിയാക്കലൊക്കെ മാിക്കൊള്ളുമെന്ന് ആശ്വസിപ്പിക്കും. ഇന്ന് എന്റെ അനിയത്തിമാർ ആർമിയിലാണ്. ഞാനും നല്ല നിലയിലെത്തി. ഇതിന് പിന്നിൽ അമ്മെുടെ പരിശ്രമമാണ്.
ഇളവേണിൽ വാളറിവൻ
ഷൂട്ടിംഗ് താരം
അമ്മ : സരോജ
എന്റെ അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു.എന്നും രാവിലെ ഏഴുമണിക്ക് പോകുന്ന അമ്മ എത്താൻ രാത്രി എട്ടുമണിയാകും. എത്ര ക്ഷീണിച്ചാണ് മടങ്ങിവരുന്നതെങ്കിലും അൽപ്പസമയം എന്നോടൊപ്പം ചെലവഴിക്കാൻ കണ്ടെത്തും. ഞങ്ങൾ ഒരുമിച്ചാണ് പാചകം ചെയ്യാറ്. അപ്പോൾ അമ്മയുടെ പഴയകാല കഥകളൊക്കെ പറയും. എന്റെ പഠനത്തിൽ എന്നെക്കാൾ ശ്രദ്ധ അമ്മയ്ക്കായിരുന്നു.
സാക്ഷി മാലിക്ക്
ഗുസ്തി താരം
അമ്മ : സുദേശ് മാലിക്ക്
അമ്മ സർക്കാർ ജോലിക്കായിരുന്നു. എന്നാൽ ഗുസ്തിക്കാരിയായ മകൾക്ക് വേണ്ട ആഹാരം പാചകം ചെയ്യാൻ ഏത് ജോലിത്തിരക്കിനിടയിലും അമ്മ സമയം കണ്ടെത്തുമായിരുന്നു. ഞാൻ പരിശീലനത്തിന്റെ തിരക്കിലായിരിക്കുമ്പോൾ എന്റെ കൂട്ടുകാരുടെ നോട്ടുബുക്കുകൾ വാങ്ങി പകർത്തുന്നത് അമ്മയായിരുന്നു. പെൺകുട്ടികൾക്ക് സ്പോർട്സ് ചേരില്ലെന്ന് പലരും പറഞ്ഞപ്പോഴും എനിക്ക് ധൈര്യം പകർന്നത് അമ്മയാണ്.
മനു ഭാക്കർ
ഷൂട്ടിംഗ് താരം
അമ്മ :സുമേധ
കഴിഞ്ഞ കൊല്ലം ഡൽഹിയിലാണ് ഞാൻ ആദ്യമായി ലോകകപ്പിൽ പങ്കെടുത്തത്. അന്ന് പരിശീലന സമയത്തും മത്സര സമയത്തുമൊക്കെ അമ്മ കൂടെയുണ്ടായിരുന്നു. എപ്പോഴും എനിക്ക് പോസിറ്റീവ് എനർജി പകരുന്നത് അമ്മയാണ്. പെൺകുട്ടികളെ സ്പോർട്സിലേക്ക് വിടുന്നതിനെ ആരെങ്കിലും വിമർശിച്ചാൽ ശക്തമായി എതിർക്കാൻ അമ്മയുണ്ടാകും.
സാത്വിക് സായ്‌രാജ്
ബാഡ്മിന്റൺ
അമ്മ : രംഗമണി
എന്റെ ഭാഗ്യചിഹ്നമാണ് അമ്മ. എന്നൊക്കെ അമ്മ എന്റെ കളി കാണാൻ വന്നിട്ടുണ്ടോ അന്നൊക്കെ ജയിക്കാറുണ്ട്. പക്ഷേ സർക്കാർ സ്കൂൾ ജോലിക്കാരിയായ അമ്മയ്ക്ക് എപ്പോഴും എന്നോടൊപ്പം വരാൻ കഴിയില്ലല്ലോ. അതെപ്പറ്റി ഞാൻ പരാതി പറയുമ്പോൾ ഒരുപാടു കുട്ടികളുടെ കാര്യം നോക്കാനുള്ള താൻ മകനൊപ്പം നടന്നാൽ അവരുടെ കാര്യമെന്താകുമെന്നാണ് ചോദ്യം . എന്നാലും ഞാൻ എവിടെപ്പോയാലും എന്റെ കാര്യങ്ങൾ വിളിച്ച് അന്വേഷിക്കും.
അർപ്പീന്ദർ സിംഗ്
അത്‌ലറ്റിക്സ് താരം
അമ്മ : ഹർമീത് കൗർ
എന്റെ അമ്മ വളരെ പാവമാണ്. ദേഷ്യപ്പെടാറേയില്ല. ഞങ്ങൾ കൂട്ടുകാരെപ്പോലെയാണ് പെരുമാറുക. പണ്ട് വീട്ടിൽ സാമ്പത്തിക സ്ഥിതി അത്ര മെച്ചമായിരുന്നില്ല. അമ്മയ്ക്ക് സ്വർണാഭരണങ്ങൾ വലിയ ഇഷ്ടമായിരുന്നുവെങ്കിലും പണമില്ലാത്തതിനാൽ അത് വാങ്ങാൻ അച്ഛനോട് ആവശ്യപ്പെടില്ലായിരുന്നു. ഇപ്പോൾ ഞാൻ അമ്മയ്ക്ക് ആവശ്യമുള്ള ആഭരണങ്ങൾ വാങ്ങിക്കൊടുക്കാറുണ്ട്.