ന്യൂഡല്‍ഹി: അന്യസംസ്ഥാന തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് എത്തിക്കാൻ പ്രതിദിനം 300 ശ്രമിക് ട്രെയിനുകൾ വരെ ഓടിക്കാൻ റെയിൽവേ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ അവരവരുടെ നാട്ടില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
തൊഴിലാളികളെ നാട്ടില്‍ എത്തിക്കാനുളള ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാനങ്ങളോട് പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. നിലവില്‍ തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ റെയില്‍വേ പൂര്‍ണ സജ്ജമാണ്. കുറഞ്ഞ സമയത്തിനുളളില്‍ പ്രതിദിനം 300 ശ്രമിക് പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് നടത്താന്‍ റെയില്‍വേയ്ക്ക് സാധിക്കും. കഴിഞ്ഞ ആറുദിവസമായി റെയില്‍വേ പൂര്‍ണ സജ്ജമാണെന്നും പീയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിച്ചാണ് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയതെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.