indian-army

ന്യൂഡൽഹി: രാജ്യത്തിന്റെ തന്ത്രപ്രധാനമായ കാര്യങ്ങളിലുള്ള അനിശ്ചിതത്വം പരിഹരിക്കാൻ കേന്ദ്ര സർക്കാർ, സർക്കാരിന് കീഴിലെ വിവിധ മന്ത്രാലയങ്ങൾ, പൊതുഭരണ സംവിധാനങ്ങൾ, സൈന്യം എന്നിവയുടെ ഏകീകൃതമായ പ്രവർത്തനമാണ്(ഹോൾ ഒഫ് ഗവണ്മെന്റ് അപ്പ്രോച്ച്) ആവശ്യമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ.

'രാജ്യത്തിന്റെ ചക്രവാളത്തിൽ' കാണാവുന്ന ഭീഷണികളെ നേരിടുവാനും മഹാമാരി പോലെയുള്ളവയെ ചെറുക്കാനും ഈ മാർഗം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അയൽരാജ്യങ്ങൾക്ക് മുൻപിൽ 'സുരക്ഷാ ദാതാവി'ന്റെ സ്ഥാനത്തേക്ക് ഇന്ത്യയെ ഉയർത്താനും ഇന്ത്യൻ സായുധ സേനാ വിഭാഗങ്ങൾ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയതെന്ന് വ്യക്തമല്ല. എന്നാൽ പാകിസ്ഥാന്റെ സഹായത്തോടെ അഫ്‌ഗാനിസ്ഥാനിൽ അധികാരം ഉറപ്പിക്കാനുള്ള താലിബാന്റെ ശ്രമങ്ങളിലേക്കും , ശ്രീലങ്ക, നേപ്പാൾ, മ്യാന്മാർ, മാലിദ്വീപുകൾ എന്നീ രാജ്യങ്ങളെ കൂട്ടുപിടിച്ചുകൊണ്ടുള്ള ചൈനയുടെ സൈനിക ബാന്ധവ ശ്രമങ്ങളിലേക്കുമാണ് നരവനെ വിരൽ ചൂണ്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കൊവിഡിന്റെ സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷാ സംവിധാനത്തിൽ കാര്യമായ ഉയർച്ച കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നും കരസേനാ മേധാവി പറഞ്ഞു. ചൈനയുമായി ഇന്ത്യ പങ്കിടുന്ന അതിർത്തികളിലെ സുരക്ഷയെ കുറിച്ചാണ് അദ്ദേഹം പ്രധാനമായും പരാമർശിച്ചത്. എന്നാൽ സൈനികരുടെ സുരക്ഷയെച്ചൊല്ലി തന്നെയാണ് തന്റെ ഏറ്റവും വലിയ ആശങ്കയെന്നും അദ്ദേഹം സൂചിപ്പിച്ചു.