തൃശൂർ: പ്രമുഖ മലയാളം വാർത്താ ചാനലിലെ മാദ്ധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. ലോക്ക്ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ ഭാഗവത പാരായണം നടത്തിയത് റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയെ തൃശൂർ കുട്ടഞ്ചേരി സ്വദേശി അജിത് ശിവരാമനാണ് പൊലീസ് പിടിയിലായത്. യുവതിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചുവെന്നുമാണ് ഇയാൾക്കെതിരെയുള്ള കേസ്.
തന്റെയും തന്റെ ഭർത്താവിന്റെയും ഫോട്ടോകൾ വച്ച് ബി.ജെ.പി, ആർ,എസ്.എസ് പ്രവർത്തകർ വർഗീയ പ്രചാരണം നടത്തുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന് കാട്ടി വെള്ളിയാഴ്ചയാണ് യുവതി എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
തന്റെ ഭർത്താവ് മുസ്ലിം സമുദായത്തിൽപ്പെട്ടയാൾ ആയതിനാൽ ക്ഷേത്രം തകർക്കാൻ ശ്രമിക്കുന്നു എന്ന രീതിയിലുള്ള പ്രചാരണമാണ് ഇവർ നടത്തിയതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ആർ.എസ്.എസ്, ബി.ജെ.പിക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടുവെന്നും മാദ്ധ്യമപ്രവർത്തക താൻ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ മാസം എട്ടാം തീയതിയാണ് തൃശൂരിൽ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടന്നത്. രാവിലെ 7.30 ന് നടന്ന ഭാഗവത പാരായണത്തില്‍ അമ്പതിനടുത്ത് ആളുകള്‍ പങ്കെടുത്തതായാണ് വിവരം. സംഭവത്തെ തുടർന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിന്റെ കണ്ട ഇവർ ആദ്യം ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.