covid-19

തിരുവനന്തപുരം: ഹോം ക്വാറന്റീൻ മാർഗനിര്‍ദ്ദേശങ്ങൾ പുതുക്കി ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവര്‍ക്കും വൈദ്യപരിശോധന നടത്തുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില്‍ അയക്കും. പിന്നീട് രോഗലക്ഷണം പ്രകടിപ്പിക്കുകയാണെങ്കില്‍ ആര്‍.റ്റി.പി.സി.ആര്‍ പരിശോധന നടത്തും. ഉത്തരവിൽ പറയുന്നു.

ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. അതേ സമയം രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നുമാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കേണ്ടതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇത്തരത്തിൽ എത്തുന്ന വ്യക്തികളുടെ വീട്ടില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ അനുസരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ സ്വീകരിക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ പറയുന്നു.