ന്യൂഡൽഹി : ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ പ്രശ്നങ്ങള്‍ മാറുമെന്നും ജോലികള്‍ ലഭിക്കുമെന്നും സംസ്ഥാനത്ത് നിന്ന് മടങ്ങരുതെന്നും അതിഥി തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍.
ലോക്ക് ഡൗണ്‍ ഉടന്‍ തന്നെ അവസാനിക്കും. എല്ലാം പഴയതുപോലെ തന്നെയാകും. ഇതോടെ ജോലികള്‍ ലഭിക്കും. അതുകൊണ്ട് നിങ്ങള്‍ ഡൽഹി വിടരുതെന്ന് കെജ്‍രിവാള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി സംസാരിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാനുള്ള ട്രെയിനുകള്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ ഡൽഹി വിടുന്നത് നിങ്ങള്‍ക്കും കുടുംബത്തിനും ആപത്താണെന്നും കെജ്‍രിവാള്‍ പറഞ്ഞു.
അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുയർത്തുന്ന വിധം കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി നാല് സംസ്ഥാനങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ബിഹാറും ഝാർഖണ്ടും ഒഡിഷയും തെലങ്കാനയുമാണ് ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.