ലണ്ടൻ : കൊവിഡ് വൈറസിനെതിരെ വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം ലോകമെങ്ങും പുരോഗമിക്കുകയാണ്. ഐ.സി.എം.ആറിന്റെ നേതൃത്വത്തിൽ ഇന്ത്യയിലും വാക്സിൻ പരീക്ഷണം നടക്കുന്നുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു,
ആഴ്ച്ചകള്‍ക്ക് മുൻപ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ ഗവേഷക സംഘം മനുഷ്യരിൽ വാക്സിന്റെ പരീക്ഷണം ആരഭിച്ചിരുന്നു. ഈ പരീക്ഷണത്തിന്റെ ഫലം ജൂണിനകം ലഭ്യമാകുമെന്നാണ് പ്രൊഫ. സാറ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം അറിയിച്ചിരിക്കുന്നത്.
ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ പ്രൊഫസറായ സര്‍ ജോണ്‍ ബെല്‍ എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാസത്തിനകം മനുഷ്യരില്‍ കൊവിഡിനെതിരായ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് അറിയാനാകുമെന്ന് അദ്ദേഹം പറയുന്നു. ഓക്‌സ്‌ഫോഡ് ഗവേഷകസംഘത്തിന്റെ വാക്‌സിന്‍ വിജയിക്കാന്‍ സാദ്ധ്യതയേറെയാണെന്നും സര്‍ ജോണ്‍ ബെല്‍ വ്യക്തമാക്കി.
ദീര്‍ഘകാലത്തേക്ക് കൊവിഡിനെതിരെ പ്രതിരോധശേഷി കൈവരിക്കുക വെല്ലുവിളിയാണ്. അതുകൊണ്ട് നിശ്ചിത ഇടവേളകളില്‍ കൊവിഡ് വാക്‌സിന്‍ എല്ലാവരും എടുക്കേണ്ടി വരുമെന്നും സര്‍ ജോണ്‍ ബെല്‍ പറഞ്ഞു. കൊവിഡിനെതിരെ ആന്റിബോഡികള്‍ സൃഷ്ടിക്കുന്നതില്‍ വാക്‌സിന്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഉറപ്പാണ്. എന്നാല്‍, ഈ വാക്‌സിന്‍ പാര്‍ശ്വഫലങ്ങളില്ലാതെ സുരക്ഷിതമാക്കുന്നതിലാണ് ഗവേഷകസംഘം ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്.
'ChAdOx1' എന്ന് പേരിട്ടിരിക്കുന്ന ഓക്‌സ്‌ഫോഡ് വാക്‌സിന്‍ 80 ശതമാനവും വിജയിക്കുമെന്ന് പരീക്ഷണത്തിന് മുന്നോടിയായി പ്രൊഫ. സാറ ഗില്‍ബര്‍ട്ട് അറിയിച്ചിരുന്നു.. എന്നാല്‍, ഇപ്പോള്‍ വിജയസാധ്യത വര്‍ദ്ധിച്ചുവെന്നും സാറ ഗില്‍ബര്‍ട്ട് പറുന്നു.
ഓക്‌സ്‌ഫോഡിന്റെ ChAdOx1 വാക്‌സിന് ഐസിഎംആര്‍ പിന്തുണയുണ്ട്. മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുമെന്നും വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.