ഡെങ്കി എന്ന വൈറസ് പരത്തുന്ന രോഗമാണ് ഡെങ്കിപ്പനി. വൈറസ് ബാധയുണ്ടായാൽ 27 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്തപനി, തലവേദന, ശക്തമായ ശരീരവേദന, പൊങ്ങൻപനിയോട് സമാനമായ പൊങ്ങൽ, കണ്ണുകൾക്കു പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ. കടുത്ത ഡെങ്കിപ്പനിയിൽ മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവമുണ്ടാകാം. വയറിലും ശ്വാസകോശത്തിന്റെ ആവരണത്തിലും നീർക്കെട്ടുണ്ടാകുന്നത് ഗുരുതരമായ ഡെങ്കിപ്പനിയുടെ ലക്ഷണമാണ്.
തുടർന്ന് ആന്തരിക അവയവങ്ങളിൽ രക്തസ്രാവമുണ്ടാവുകയും പല സുപ്രധാനമായ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും രോഗി ഷോക്ക് എന്ന അതിഗുരുതരമായ അവസ്ഥയിലെത്തുകയും ചെയ്യാം. ഈ അവസ്ഥയിൽ മരണം സംഭവിച്ചേക്കാം. വിറ്റാമിനുകളും പപ്പായയുടെ ഇലയിൽ നിന്നും കറയിൽ നിന്നും ഉത്പാദിപ്പിക്കുന്ന മരുന്നുകളും ഡെങ്കിയുടെ സങ്കീർണതകൾ തടയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ പകൽസമയത്താണ് കടിക്കുന്നത്. അതുകൊണ്ട് പകൽനേരത്ത് കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഡെങ്കിപ്പനി കൊതുകുകടിയിലൂടെ മാത്രം പകരുന്നതിനാൽ കൊതുക് നശീകരണമാണ് ഏറ്റവും മികച്ച പ്രതിരോധ മാർഗം.