covid-19

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരം പിന്നിട്ടു. അറുപത്തിരണ്ടായിരത്തിലധികം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1,278 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 22171 ആയി ഉയർന്നു.

53 പേരാണ് ഇന്നലെ മഹാരാഷ്ട്രയിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 832 ആയി ഉയർന്നു. മുംബയിൽ മാത്രം 13,000ത്തിലധികം രോഗികൾ ഉണ്ട്. അതേസമയം, ഗുജറാത്തിൽ രോഗികളുടെ എണ്ണം 8000 പിന്നിട്ടു. ഇന്നലെ മാത്രം 398 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21പേരാണ് സംസ്ഥാനത്ത് മരിച്ചത്.

കൊവിഡ് രോഗവ്യാപനം രൂക്ഷമായ പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ദ്ധ സംഘത്തെ അയയ്ക്കും. ഗുജറാത്ത്, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര സംഘമെത്തുക.

അതേസമയം, ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ സ്ഥിതിഗതികൾ വിലയിരുത്തും. ഉച്ചയ്ക്ക് 3 മണിക്കാണ് കൂടിക്കാഴ്ച. കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രമേയുള്ളു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.