pic

കാസർകോട്: അതിർത്തിയിൽ എത്തുന്ന മലയാളികളെ വലച്ച് തലപ്പാടിയിലെ ഹെൽപ് ഡെസ്‌കുകൾ. തലപ്പാടി ടോൾ ബൂത്തിൽ നിന്ന് ഒന്നരകിലോമീറ്റർ അകലെയാണ് ഹെൽപ് ഡെസ്‌കുകൾ പ്രവർത്തിക്കുന്നത്. സ്വന്തമായി വാഹനമില്ലാതെ വരുന്നവർക്ക് അതിർത്തിയിലെ ക്രമീകരണങ്ങൾ ഫലപ്രദമാകുന്നില്ലെന്നാണ് ആരോപണം. പാസില്ലാതെ എത്തി അതിർത്തി കടത്തി വിടാതിരിക്കുന്ന സംഘത്തിന്റെ ദുരിവും ഏറെയാണ്. ഗുജറാത്തിൽ നിന്നെത്തിയ സംഘം അതിർത്തിയിൽ കാത്തിരുന്നത് മണിക്കൂറുകൾ ആയിരുന്നു.

തലപ്പാടി ടോൾ ബൂത്തിനപ്പുറത്ത് മാത്രമേ കർണാടകയുടെ വാഹനങ്ങൾ യാത്രക്കാരെ ഇറക്കിവിടുന്നുള്ളൂ. അവിടെ നിന്ന് ബാഗുകളുമായി വരുന്നവർ ബുദ്ധിമുട്ടിവേണം സഹായ കേന്ദ്രങ്ങളിൽ എത്താൻ. വിദ്യാർഥികൾ അടക്കമുള്ളവർ പെരിവെയിലത്ത് നടക്കുന്ന കാഴ്ച ദയനീയത ഉളവാക്കും. ലോക്ക് ഡൗണായതിനാൽ ഓട്ടോ പോലും ഇവിടെ ലഭിക്കില്ല. ഇത് സംബന്ധിച്ച് തലപ്പാടിയിൽ നിന്ന് തൂമിനാടിലേക്ക് ആംബുലൻസ് സൗകര്യം ഏർപെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്തംഗം ഹർഷാദ് വോർക്കാടി ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. എന്നാൽ അനകൂലമായ തീരുമാനങ്ങളൊന്നും എടുക്കുന്നില്ലെന്നാണ് ആരോപണം.

അതേസമയം വാഹനങ്ങൾ ഇല്ലാത്തവർക്ക് ഹെൽപ് ഡെസ്‌ക് കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ള ആംബുലൻസുകൾ വിട്ടു കൊടുത്തിരുന്നു. ഇന്നലെ വരെ കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. വിവാദമായതിനെ തുടർന്ന് ചെക്‌പോസ്റ്റിൽ എത്തുന്നവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണവും വെള്ളവും ലഭ്യമാക്കിയിരുന്നു. നിലവിൽ മുപ്പത് ഹെൽപ് ഡെസ്‌ക് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് വഴി ഇന്നലെ 215 പേർ കേരളത്തിൽ എത്തിയതായാണ് അധികൃത പറയുന്നത്. 591 പേർക്കാണ് ഇന്ന് പാസ് അനുവദിച്ചത്. ഇതുവരെ 4,658പേരാണ് മഞ്ചേശ്വരം വഴി എത്തിയത്. ആകെ 11878 പേർക്കാണ് പാസ് അനുവദിച്ചിരുന്നത്. കാസർകോട് ജില്ലയിലേക്ക് ഇതുവരെ 1459 പേർ വന്നു. 3203 പേർക്ക് പാസ് അനുവദിച്ചിരുന്നു.