pic

കോട്ടയം: സമ്പൂർണ ലോക്ക് ഡൗണിൽ ഇന്നലെ വീടുകളിൽ ചുരുണ്ടുകൂടിയവർ ഇന്ന് രാവിലെ തന്നെ വാഹനങ്ങളുമായി റോഡിലിറങ്ങി. ഇതോടെ എട്ടുമണിക്ക് മുമ്പുതന്നെ വാഹനങ്ങളുടെ ഒഴുക്കായി എം.സി. റോഡിലും കെ.കെ റോഡിലും. ബൈക്കുകളിലാണ് കൂടുതൽ പേർ റോഡിലിറങ്ങിയത്.

കൊവിഡ്-19 ബാധിച്ച് ആരും തന്നെ കോട്ടയം ജില്ലയിൽ ഇല്ലായെന്നത് ആശ്വാസം പകരുന്നുണ്ട്. ഗൾഫിൽ നിന്നും 95 പേരാണ് കോട്ടയം ജില്ലയിലെത്തിയത്. ഇതിൽ 33 പേരെ സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ താമസിച്ചിരിക്കയാണ്. 29 ഗർഭിണികളും 6 കുട്ടികളും വീടുകളിൽ ക്വാറന്റെയിൽ കഴിയുന്നുണ്ട്. ഇവർക്ക് ആർക്കും തന്നെ കൊവിഡ് ലക്ഷണങ്ങളില്ല. മാലി ദ്വീപിൽ നിന്ന് കപ്പലിൽ 39 പേരാണ് ജില്ലയിൽ എത്തിയത്. രണ്ട് കെ.എസ്.ആർ.ടി.സി ബസിലാണ് ഇവരെ ജില്ലയിലെത്തിച്ചത്. ഇതിൽ അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. ഈ നാലുപേരെയും വീടുകളിൽ ക്വാറന്റെയിലാക്കി. ബാക്കിയുള്ളവർ കളത്തിപ്പടിയിലുള്ള ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിന്റെ കെട്ടിടത്തിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തിയ 412 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഗൾഫിൽ നിന്ന് എത്തിയ ഗൾഭിണികളും കുട്ടികളും സഹിതം ഹോംക്വാറന്റെയിൽ കഴിയുന്നവരുടെ എണ്ണം 1787 ആയി.

ഇടുക്കി ജില്ലയിലും രോഗബാധിതരായി ആരും ഐസൊലേഷൻ വാർഡുകളിലില്ല. ഗൾഫിൽ നിന്നും 23 പേരാണ് ജില്ലയിൽ എത്തിയത്. മാലി ദ്വീപിൽ നിന്നും കപ്പലിൽ എത്തിയവർ 14 പേർ. 9 പുരുഷന്മാരും 5 സ്ത്രീകളും മാലിദ്വീപിൽ നിന്ന് എത്തിയവരാണ്. ഇവരെയെല്ലാം ക്വാറന്റെയിലാക്കി. എന്നാൽ കുമളി ചെക്ക് പോസ്റ്റ് കടന്ന് ഇന്നലെ ജില്ലയിൽ എത്തിയത് 359 പേരാണ്. ഇവരും ഹോംക്വാറന്റെയിനിലാണ് കഴിയുന്നത്.