ന്യൂഡൽഹി: ദേശീയ സാങ്കേതികവിദ്യ ദിനമായ ഇന്ന് മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയേയും പൊഖ്റാൻ അണുശക്തി പരീക്ഷണത്തിന് നേതൃത്വം നൽകിയവരെയും ട്വിറ്ററിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഈ ദേശീയ സാങ്കേതിക വിദ്യാ ദിനത്തിൽ മറ്റുള്ളവരുടെ ജീവിതത്തിൽ നല്ലമാറ്റങ്ങൾ കൊണ്ടുവരാൻ സാങ്കേതിക വിദ്യയിലൂടെ പ്രേരണയായവരെ സ്മരിക്കുന്നു. 1998ൽ ഈ ദിനത്തിൽ നമ്മുടെ ശാസ്ത്രജ്ഞർക്ക് സാധ്യമായ അസാധാരണമായ ആ നേട്ടത്തെ ഓർമ്മിക്കുന്നു. രാജ്യ ചരിത്രത്തിൽ അതൊരു പ്രധാന നാഴികകല്ലാണ്.' രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യ നടത്തിയ അണുശക്തി പരീക്ഷണത്തിനെ ഓർമ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയെ ഓർമ്മിക്കുന്നത് ഇങ്ങനെ: '1998ൽ പൊഖ്റാനിൽ നടന്ന പരീക്ഷണങ്ങൾ എന്തെല്ലാം മാറ്റങ്ങളെ ശക്തമായൊരു നേതൃത്വത്തിന് കൊണ്ടുവരാനാകും എന്ന് കാണിച്ചുതന്നു.' പൊഖ്റാനിലെ പരീക്ഷണത്തോടെ ഇന്ത്യ ലോകത്ത് അണുശക്തിയുള്ള രാജ്യങ്ങളിൽ ഒന്നായി മാറി. തന്ത്രപ്രധാനമായ പല തീരുമാനങ്ങളും അതിലൂടെ ഇന്ത്യക്ക് തുടർന്ന് സ്വീകരിക്കാനായി. 1998 മേയ്11 ന് ഒന്നും മേയ് 13ന് രണ്ടും പരീക്ഷണങ്ങൾ ഇന്ത്യ പൊഖ്റാനിൽ നടത്തി. ഇതോടെ ഇന്ത്യക്ക് സാമ്പത്തികവും പ്രതിരോധപരവും നയപരവുമായ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു.
അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിങും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സ്ട്രോബ് തൽബോട്ടും തമ്മിൽ നിരവധി ചർച്ചകൾ നടത്തി. അമേരിക്കയുമായും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രതിരോധങ്ങളെ നേരിടേണ്ടി വന്നു. ഇവയെല്ലാം മറികടന്ന് ആണവശക്തിയിൽ മുഖ്യസ്ഥാനത്തെത്താൻ രാജ്യത്തിന് കഴിഞ്ഞു.