florence-nightingale

സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ച ഒരു പെൺകുട്ടി, സുഖലോലുപതയിൽ നിന്നിറങ്ങി നടക്കാൻ തീരുമാനിച്ചത്, കേവലം 17 വയസുള്ളപ്പോഴാണ്. തന്റെ ദൗത്യം ഉണ്ടുറങ്ങി ജീവിക്കുകയല്ലെന്നും അനേകരുടെ മുറിവൊപ്പാനാണ് ജീവിതം ചെലവഴിക്കേണ്ടതെന്നും അവൾ തിരിച്ചറിഞ്ഞു. മരുന്നും അതിനേക്കാൾ പ്രവർത്തനവീര്യമുള്ള കരുണയും നിറച്ച് അവൾ അനേകരുടെ മുറിവുകളിൽ മരുന്നു പുരട്ടി. മരണം കാത്തുകിടന്നവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. ഫ്ലോറൻസ് നൈറ്റിംഗേൽ എന്ന ആ പെൺകുട്ടിയെ ലോകം, വിളക്കേന്തിയ വനിതയെന്നും ക്രിമിയനിലെ മാലാഖ എന്നും വിളിച്ചു. ഭൂമിയിലെ മാലാഖമാരെ ഓർക്കാൻ അവളുടെ ജന്മദിനം തിരഞ്ഞെടുത്തു. ഇന്ന് ലോക നഴ്സസ് ദിനം. ഈ കൊവിഡ് കാലത്ത് ഓർമ്മിക്കാം, ഭൂമിയിലെ ആദ്യത്തെ മാലാഖയെ.

♦ ഇറ്റലിയിൽ ടാസ്കാനിയിലെ ഫ്ലോറൻസ് നഗരത്തിൽ, ബ്രിട്ടീഷ്‌ ധനികകുടുംബത്തിൽ 1820 മേയ്‌ 12-ന്‌ വില്യം എഡ്‌വേർഡ്‌ നൈറ്റിംഗേലിന്റെയും ഫ്രാൻസിസ്‌ നൈറ്റിംഗേലിന്റെയും രണ്ടാമത്തെ മകളായി ജനനം.

♦ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന അക്കാലത്ത്,​ ഗണിതശാസ്ത്രം പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഫ്ലോറൻസിനെ വീട്ടുകാർ എതിർത്തു.

♦ എതിർപ്പിന് വഴങ്ങുന്നതിനു പകരമായി,​ പാവപ്പെട്ടവരെയും രോഗികളെയും സന്ദർശിക്കാൻ തന്നെ അനുവദിക്കണമെന്ന് ഫ്ലോറൻസ് ഉപാധി വച്ചു. അത് വീട്ടുകാർ അംഗീകരിച്ചു.

♦ 1853 ഓഗസ്റ്റ്‌ 22-ന് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്‌ കെയറിംഗ്‌ സിക്ക്‌ ജെന്റിൽവുമൺ എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായി ജോലി ആരംഭിച്ചു.

♦ ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ് മരണാസന്നരായ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി 1854 ഒക്ടോബർ 21ന് തുർക്കിയിലേക്ക് പുറപ്പെട്ടു.

♦ അക്കാലത്ത് കോളറ പടർന്നു പിടിച്ചു. എന്നാൽ,​ പോരാളികളെ ശുശ്രൂഷിക്കുന്ന സ്കൂട്ടാരിയിൽ ഫ്ലോറൻസ് തന്റെ പ്രവർത്തനം തുടർന്നു. പ്രതികൂലാവസ്ഥകളെ നേരിട്ട് അനേകം സൈനികരെ മരണത്തിൽനിന്ന് രക്ഷിച്ചു.

♦ യുദ്ധരംഗത്തെയും അതിനെ തുടർന്നുമുള്ള ഫ്ലോറൻസിന്റെ പ്രവർത്തനം അവരെ വിളക്കേന്തിയ വനിതയും ക്രിമിയനിലെ മാലാഖയുമാക്കി.

♦ പട്ടാളക്കാരെ ശുശ്രൂഷിക്കാൻ പ്രത്യേക ആശുപത്രികളും സംവിധാനങ്ങളും അവരുടെ ശ്രമഫലമായി ഉണ്ടായി. ധാരാളം എഴുത്തുകളും പുസ്തകങ്ങളും രചിച്ചു. നോട്ട്‌സ്‌ ഓൺ ഹോസ്പിറ്റൽ, നോട്ട്‌സ്‌ ഓൺ നഴ്‌സിംഗ് എന്നിവ പ്രധാന കൃതികൾ.

♦ 1883-ൽ ‘റോയൽ റെഡ്‌ക്രോസ്‌’ അവാർഡും 1907-ൽ ഓർഡർ ഒഫ്‌ മെറിറ്റ്‌ അവാർഡും അവരെ തേടിയെത്തി.

♦ 1910 ഓഗസ്റ്റ്‌ 13-ന്‌,​ 90-ാം വയസിൽ ആതുരശുശ്രൂഷാ മേഖലയിൽ വിപ്ളവം സൃഷ്ടിച്ച ഫ്ലോറൻസ് ഇഹലോകവാസം വെടിഞ്ഞു.

♦ 1974ൽ,​ മെയ് 12 ലോക നഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടു.

2020 - ആദ്യ അന്താരാഷ്ട്ര നഴ്സസ് വർഷം

ഫ്ലോറൻസ് നൈറ്റിംഗലിന്റെ 200-ാം ജന്മവാർഷികമായ 2020,​ ആദ്യ അന്താരാഷ്ട്ര നഴ്സസ് ഇയർ ആയിട്ടാണ് ലോകാരോഗ്യസംഘടന ആചരിക്കുന്നത്.

നൈറ്റിംഗേൽ മ്യൂസിയം

ലണ്ടനിലെ ആദ്യ പ്രൊഫഷണൽ നഴ്സിംഗ് സ്കൂളായ സെന്റ് തോമസ് ഹോസ്പിറ്റൽ സ്ഥാപിച്ചത് ഫ്ലോറൻസ് നൈറ്റിംഗേൽ ആണ്. ഈ ആശുപത്രിയാണ് ഫ്ലോറൻസ് നൈറ്റിംഗേൽ മ്യൂസിയമായി അറിയപ്പെടുന്നത് . (കൊവിഡ് ബാധിതനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചികിത്സയിൽ കഴിഞ്ഞത് ഇവിടെയാണ്).

കൊവിഡ് പശ്ചാത്തലത്തിൽ മ്യൂസിയം അടച്ചിട്ടിരിക്കുകയാണെങ്കിലും,​ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാർഷികാഘോഷം പ്രമാണിച്ച്,​ ഓൺലൈൻവഴി ഇവിടത്തെ കാഴ്ചകൾ കാണാൻ സൗകര്യമുണ്ട്. നൈറ്റിംഗേൽ വളരെ പ്രിയപ്പെട്ടതായി ഉപയോഗിച്ചിരുന്ന ഇരുന്നൂറ് സാധനങ്ങളുടെ പ്രദർശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അച്ഛൻ സമ്മാനിച്ച വാച്ച്,​ നൈറ്റിംഗേലിന്റെ മരുന്നു കുറിപ്പടി ഒക്കെ ഇതിൽ ഉൾപ്പെടും.