റിയാദ്: കൊവിഡ് രോഗവ്യാപനം മൂലവും ആഗോള തലത്തിൽ എണ്ണവില കുത്തനെ ഇടിഞ്ഞതിനെയും തുടർന്ന് ഉണ്ടായ പ്രതിസന്ധി മറികടക്കാൻ സൗദിയിൽ വാറ്റ് നികുതി വർദ്ധിപ്പിക്കുന്നു. ജീവിതചിലവ് അലവൻസ് ഇനി മുതൽ നൽകില്ല.
'ജൂൺ ഒന്നുമുതൽ ജീവിത ചിലവ് അലവൻസ് നൽകുന്നത് നീട്ടിവയ്ക്കുകയാണ്. വാറ്റ് നികുതി നിലവിലെ 5 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് ഉയർത്തും.' രാജ്യത്തെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സൗദിയിലെ കൊവിഡ്19 പടർന്ന് പിടിച്ചതിനാലുണ്ടായ സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയും ഞെരുക്കവും മറികടക്കാനുള്ള പ്രധാന നടപടികളാണ് എടുത്തത് എന്ന് സൗദി സാമ്പത്തിക ആസൂത്രണ ധനകാര്യ മന്ത്രിയായ മൊഹമ്മദ് അൽജാദൻ പറഞ്ഞു.
പൗരന്മാരെയും മറ്റ് താമസക്കാരെയും ഇപ്പോൾ ബാധിച്ച പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാനുള്ള നടപടികളാണ് ഭരണകൂടം കൈക്കൊള്ളുന്നതെന്നും അദ്ദേഹം അറിയിച്ചു. ഏകദേശം നൂറ് ലക്ഷംകോടി സൗദി റിയാലിന്റെ പ്രവർത്തനങ്ങളാണ് ഞെരുക്കം നേരിടുന്ന സൗദി സാമ്പത്തികമേഖലയിൽ ഇതിലൂടെ ഉണ്ടാകുക.
ജീവിതചിലവ് അലവൻസ് (കോസ്റ്റോഫ് ലിവിങ് അലവൻസ്) ഇല്ലാതാക്കിയതിനു പുറമേ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, കോൺട്രാക്ടർമാർ, മറ്റ് തത്തുല്യ ജീവനക്കാർ ഇവർക്ക് നൽകുന്ന ആനുകൂല്യങ്ങളെ കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെയും നിയമിച്ചു. 30 ദിവസത്തിനകം കമ്മിറ്റി റിപ്പോർട്ട് നൽകും.