വിദ്യാധരൻ മാഷിന്റെ കണക്ക് ക്ലാസ് രസകരമാണ്. ഒട്ടും ബോറടിക്കില്ല. എല്ലാ കുട്ടികളും കണക്ക് ശരിയായി ചെയ്തു കഴിഞ്ഞാൽ അദ്ദേഹം ഒരു ലഘുകഥ പറയും. കണക്കുകളിലൊതുങ്ങാത്ത ഒരു ജീവിതപാഠം അതിലൊതുങ്ങിയിരിക്കും. ശുണ്ഠിക്കാരനാണ്. ശാസിക്കുന്ന നേരം അന്ധനാണ്. തിരിഞ്ഞും പിരിഞ്ഞും നോക്കില്ല. പറയാനുള്ളതെല്ലാം വിളിച്ചുപറയും. അല്പനേരം കഴിയുമ്പോൾ മുഖം ശാന്തസമുദ്രമാകും.
പെൺകുട്ടികളെയാണ് മാഷ് കൂടുതൽ ശകാരിക്കാറ്. അതിന്റെ കാരണവും വ്യക്തമാക്കും. ഇടതുകൈയിൽ അഴുക്ക് പുരണ്ടാലും ഉള്ളിൽ പോകില്ല. എന്നാൽ വലതുകൈ അങ്ങനെയല്ല. സദാ ശുദ്ധമായിരിക്കണം. അന്നം ഉള്ളിൽ പോകുന്നത് അതിലൂടെയല്ലേ. പെൺകുട്ടികളും സ്ത്രീകളും വലതുകൈയാണ്. അത് നന്നായിരുന്നാൽ വീടിന്റെ ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും നന്നായിരിക്കും. അതിലഴുക്ക് പുരണ്ടാൽ വീടിനും കുടുംബത്തിനും ദഹനക്കേട്, ഭക്ഷ്യവിഷബാധ, അതിസാരം എന്നിവയൊക്കെ ബാധിക്കും. ഇങ്ങനെയൊക്കെ പറയുന്നതിനിടയ്ക്ക് കഠിനമായ ഒരു കണക്ക് പഠിപ്പിക്കും. അത് കൃത്യമായി ചെയ്താൽ പെൺകുട്ടികളെ മൊത്തത്തിൽ പ്രശംസിക്കും.
പുരാണങ്ങളും ലോക ക്ലാസിക്കുകളും പരിശോധിച്ചാൽ ദീപസ്തംഭങ്ങളെല്ലാം സ്ത്രീ കഥാപാത്രങ്ങൾ. സീത, സാവിത്രി, കുന്തി, പാഞ്ചാലി അവരുടെയൊക്കെ തിളക്കമുള്ള പുരുഷകഥാപാത്രങ്ങൾ എത്രയുണ്ട്. അത്രിമഹർഷിയുടെ പത്നി അനസൂയ രാമായണത്തിലെ കെടാവിളക്കല്ലേ. സീതയെപ്പോലെ പത്തരമാറ്റുള്ള സ്ത്രീകഥാപാത്രം തനിത്തങ്കമല്ലേ.
വനവാസകാലത്ത് രാമലക്ഷ്മണന്മാരും സീതയും അത്രിമഹർഷിയുടെ ആശ്രമത്തിലെത്തുന്നു. ആത്മപ്രശംസപോയിട്ട് മൗനത്തെ ആരാധിക്കുന്ന ഋഷീശ്വരനാണ് അത്രി. അദ്ദേഹം അനസൂയയെപ്പറ്റി പറയുന്ന വാക്കുകൾ ചിന്താരത്നങ്ങളാണ്. പതിനായിരമാണ്ട് അത്യുഗ്രമായ തപസ് ചെയ്തവളാണ് അനസൂയ. പത്തുവർഷം മഴയില്ലാതെ ഭൂമി ദഹിച്ചുകൊണ്ടിരിക്കുമ്പോൾ കഠിനവ്രതങ്ങളാൽ അനാവൃഷ്ടിക്കുള്ള തടസങ്ങൾ തീർത്തു. മഴ പെയ്യിച്ചു. ഭൂമിയെ വീണ്ടും സസ്യശ്യാമളമാക്കി. ഈ ഗുണഗണങ്ങൾ ഉത്തമസ്ത്രീകൾക്കേയുള്ളൂ. സീതയുടെ ജീവിതവിജയത്തിനായി ഉത്തമവസ്ത്രങ്ങളും ആഭരണങ്ങളും മികച്ച കുറിക്കൂട്ടും അംഗരാഗവും അനസൂയ നൽകുന്നു. ദിവ്യമായ അംഗരാഗമണിഞ്ഞാൽ മഹാലക്ഷ്മിയായി മാറുമെന്നും അവർ ഓർമ്മിപ്പിക്കുന്നു. നിങ്ങളൊക്കെ മത്സരിക്കേണ്ടതും സീതയോടും അനസൂയയോടുമാണ്. ആ മത്സരത്തിൽ റാങ്ക് നേടണം. വിദ്യാധരൻ മാഷിന്റെ സ്ത്രീപക്ഷപ്രശംസ ആൺകുട്ടികൾക്ക് അത്ര രസിച്ചില്ലെങ്കിലും പെൺകുട്ടികൾക്ക് ആഹ്ലാദം പകർന്നു.
വിദ്യാധരൻ മാഷ് വിരമിച്ചിട്ട് നാലഞ്ചു വർഷമായി. ഈയിടെ നഗരത്തിലെ ഒരു പ്രമുഖ വസ്ത്രശാലയിൽ വച്ച് പഴയ ഒരു ശിഷ്യ സ്വയം പരിചയപ്പെടുത്തി. ഞാൻ പത്ത് സിയിൽ പഠിച്ചിരുന്ന ലതിക. ഇവിടെ സെയിൽസ് ഗേളാണ്. സീതയോടും അനസൂയയോടും ഇപ്പോഴും മത്സരത്തിലാണ്. അതുകൊണ്ട് ഇല്ലായ്മകൾക്കിടയിലും സന്തുഷ്ടമായ കുടുംബജീവിതമാണ്. ലതികയ്ക്ക് എത്രകുട്ടികൾ. രണ്ട്, രണ്ട് പെൺകുട്ടികൾ. സീതയും അനസൂയയും. വിദ്യാധരൻ മാഷിന്റെ മുഖം ഒന്നുകൂടി തെളിഞ്ഞു. ജീവിതത്തിൽ കൂട്ടലും കിഴിക്കലും എല്ലാം കഴിഞ്ഞാലും ശിഷ്ടമായി അല്പം സ്നേഹം ഉണ്ടാകണമെന്ന കണക്ക് ക്ലാസിലെ ഓർമ്മപ്പെടുത്തൽ ശിഷ്യ മറക്കാത്തതിന്റെ ആഹ്ലാദമായിരുന്നു ആ മുഖത്ത്.
(ഫോൺ : 9946108220)