പട്ന: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന കുടിയേറ്റ തൊഴിലാളികൾ തിരികെ നാട്ടിലെത്തിയതോടെ ബിഹാറിൽ കൊവിഡ് 19 പൊസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു. 83ഓളം സ്പെഷ്യൽ ട്രെയിനുകളിലും മറ്രുമായി ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ബിഹാറിൽ തിരികെയെത്തിയിരിക്കുന്നത്. ആകെ 38 ജില്ലകളിൽ 37ലും കൊവിഡ് ബാധിതർ ഇപ്പോഴുണ്ട് എന്ന് കണ്ടെത്തിക്കഴിഞ്ഞു.
ഞായറാഴ്ചയോടെ സംസ്ഥാനത്ത് ആകെ കൊവിഡ് പൊസിറ്റീവ് കേസുകൾ 696 ആണ്. 365 പേർക്ക് രോഗം ഭേദമായി. തൊഴിലാളികൾ വരുംമുൻപ് സംസ്ഥാനത്ത് ഇൻഫെക്ഷൻ നിരക്ക് 1.8% ആയിരുന്നു. എന്നാലിപ്പോഴത് 4.5% ആയി ഉയർന്നിരിക്കുന്നു. ഒരു ഉന്നത ഉദ്യോഗസ്ഥൻ ആശങ്ക പങ്കുവക്കുന്നു. 3474 ക്വാറന്റൈൻ സെന്ററുകൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. 98814 പേർ ഇവിടങ്ങളിലായി ഉണ്ട്.
എന്നാൽ സ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ബിഹാർ ആരോഗ്യ വകുപ്പ്. 10.40 കോടി ജനങ്ങളെ പരിശോധിച്ചതിൽ 3849 പേർക്ക് മാത്രമാണ് പനിയോ കൊവിഡ് ലക്ഷണങ്ങളോ ഉള്ളത്.
ഇത് ആകെയുള്ളവരുടെ 0.0037 ശതമാനം മാത്രമാണ്. എന്നാൽ മടങ്ങിവന്ന തൊഴിലാളികളിൽ ഇത് 0.048 ശതമാനമാണ് അതിനാൽ തന്നെ സംസ്ഥാനം ജാഗ്രതയോടെ തുടരുമെന്ന് അധികൃതർ അറിയിച്ചു. മേയ് 17ഓടെ 2.22 ലക്ഷം തൊഴിലാളികൾ സംസ്ഥാനത്ത് തിരികെയെത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ബിഹാറിൽ രണ്ട് സ്വകാര്യ ലാബുകൾക്ക് കൂടി സർക്കാർ കൊവിഡ് ടെസ്റ്റ് നടത്താൻ അനുമതി നൽകി.