1. രാജ്യത്ത് നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ തുടങ്ങും. കേരളത്തിലേക്ക് മെയ് 13 മുതലാണ് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിംഗ് ഉണ്ടാവുക. ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഓണ്‍ ലൈനില്‍ ടിക്കറ്റെടുക്കാം. ഐ.ആര്‍.സി.ടി.സി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം അടക്കം 15 പ്രധാന നഗരത്തിലേക്ക് ആണ് സര്‍വീസ് ഉണ്ടാകുക. ലോക്ക് ഡൗണ്‍ ആരംഭിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വെ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ 15 പ്രത്യേക തീവണ്ടികളാവും ഓടുക. എല്ലാ ട്രെയിനുകളും ഡല്‍ഹിയില്‍ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് ആണ് സര്‍വ്വീസ് നടത്തുക. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്ക സര്‍വ്വീസും ഉണ്ടാകും. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആണ് കേരളത്തിലേക്ക് ഉള്ള പ്രത്യേക ട്രെയിന്‍. രോഗലക്ഷണം ഇല്ലാത്തവരെ മാത്രം ട്രെയിനുകളില്‍ കയറ്റാനാണ് തീരുമാനം എന്നാണ് വിവരം.
2. കണ്‍ഫേം ടിക്കറ്റ ഇല്ലാത്തവരെ സ്റ്റേഷനില്‍ പ്രവേശിപ്പിക്കില്ല. യാത്രക്കാര്‍ക്ക് മാസ്‌കും നിര്‍ബന്ധമാണ്. ഡല്‍ഹിയില്‍ നിന്നുളള ആദ്യ ട്രെയിന്‍ 13 നും, തിരുവനന്തപുരത്ത് നിന്നുളള ആദ്യ ട്രെയിന്‍ 15 നും സര്‍വീസ് നടത്തും എന്നാണ് സൂചന. തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നത് അല്ല. ഒരു ദിവസം 300 ട്രെയിനുകള്‍ വരെ ഓടിച്ച് അതിഥി തൊഴിലാളികളെ എല്ലാം അവരുടെ സംസ്ഥാനങ്ങളില്‍ മടക്കി എത്തിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. 20,000 കോച്ചുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കാനും ഇതിന് പുറമെയുള്ള കോച്ചുകള്‍ സര്‍വ്വീസിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുമ്പോഴാണ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാന്‍ തീരുമാനം
3. മദ്യവില്‍പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കാന്‍ നീക്കവുമായി ബെവ്‌കോ. നിശ്ചിത സമയത്ത് നിശ്ചിത കൗണ്ടര്‍ വഴി മദ്യം നല്‍കും വിധമാണ് സംവിധാനം. നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു. അനുമതി ലഭിച്ചാല്‍ നടപ്പാക്കും. വെര്‍ച്വല്‍ ക്യൂ മാതൃകയാണ് ഇതിനായി പരിഗണിക്കുന്നത്. ഇതിനുള്ള സോഫ്ട് വെയര്‍ തയ്യാറാക്കാനുള്ള കമ്പനികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ മദ്യ വില്പനശാലകള്‍ ഇപ്പോഴും അടച്ച് ഇട്ടിരിക്കുക ആണ്. ഇതിലൂടെ കോടികളാണ് സംസ്ഥാനത്തിന് നഷ്ടമാകുന്നത്. തല്‍ക്കാലം മദ്യവില്പന ശാലകള്‍ തുറക്കേണ്ട എന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെയും നിലപാട്.
4. കൊവിഡ് രോഗ ലക്ഷണങ്ങള്‍ നേരിയ തോതില്‍ ഉള്ളവര്‍ക്കും ലക്ഷണങ്ങള്‍ പുറത്തു കാണാത്തവര്‍ക്കും ഹോം ഐസൊലേഷനില്‍ കഴിയാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഐസൊലേഷന്‍ അവസാനിച്ചാല്‍ പരിശോധനകള്‍ നടത്തേണ്ട ആവശ്യമില്ല. ഹോം ഐസൊലേഷന് പോകാന്‍ അനുവദനീയ സ്ഥിതിയാണ് എന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. വീട്ടില്‍ മുഴുവന്‍ സമയ സഹായി വേണമെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ആശുപത്രിയുമായി നിരന്തര ആശയവിനിമയം സാദ്ധ്യമാകണം. സഹായി പ്രതിരോധമരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കഴിക്കണം. ആരോഗ്യസേതു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന് എഴുതി നല്‍കണം. ശ്വാസതടസം, ശരീരവേദന, ചുണ്ടിലും മുഖത്തും നിറം മാറ്റം തുടങ്ങി ശാരീരികമോ, മാനസികമോ ആയ അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണം എന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഏപ്രില്‍ 27ന് പുറത്തിറക്കിയ മാര്‍ഗരേഖ പരിഷ്‌ക്കരിച്ച് പുറത്തിറക്കിയതില്‍ ആണ് പുതിയ നിര്‍ദേശങ്ങള്‍.
5. നെഞ്ചു വേദനയെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ആണ് മന്‍മോഹന്‍ സിംംഗ്. അദ്ദേഹത്തെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിട്ടില്ല.
6. ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക്. ഇതുവരെ ലോക വ്യാപകമായി 41,80,137പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത് എന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,83,852 പേര്‍ക്കാണ് വൈറസ് ബാധയേ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 14,90,590പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗ മുക്തി നേടാനായത്. അതിനിടെ, ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഉപാധികളോടെ സമ്പദ് വ്യവസ്ഥ തുറന്നു കൊടുക്കുന്ന പദ്ധതിയാണ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ബുധനാഴ്ച മുതല്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസുകളിലേക്ക് മടങ്ങാമെന്ന്‌ജോണ്‍സണ്‍ അറിയിച്ചു
7. എന്നാല്‍, പൊതുഗതാഗതം ഒഴിവാക്കണം. അഞ്ച് ഘട്ടമായി ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കും. ഇതിന്റെ അടുത്ത ഘട്ടം ജൂണ്‍ ഒന്നിന് മുമ്പായി ഉണ്ടാകും. ഈ ഘട്ടത്തില്‍ വിദ്യാലയങ്ങള്‍ ഭാഗികമായി തുറക്കും. ജൂലായ് ഒന്നിന് ശേഷം ചില പൊതു ഇടങ്ങള്‍ തുറന്നു കൊടുക്കുമെന്നും ഹോട്ടലുകള്‍ക്ക് അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കൂടുതല്‍ പിഴ ചുമത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടനില്‍ കോവിഡ് 19 രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നിരുന്നു. 31,855 പേരാണ് രോഗം ബാധിച്ച് മരിച്ചത്
8. അതേസമയം, അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സിനെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടില്ല എന്ന് വൈറ്റ് ഹൗസ് വക്താവ്. പരിശോധനയില്‍ പെന്‍സ് കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. വൈറ്റ് ഹൗസ് മെഡിക്കല്‍ യൂനിറ്റിന്റെ നിര്‍ദേശങ്ങള്‍ അദ്ദേഹം പാലിക്കുന്നുണ്ട് എന്നും വക്താവ് ഡെവിന്‍ ഒ മാലി അറിയിച്ചു. വൈസ് പ്രസിഡന്റിന് ദിവസേന കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. കോവിഡ് നെഗറ്റീവ് ആയതിനാല്‍ അദ്ദേഹം ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ട് എന്നും ഓഫിസില്‍ സജീവമാണെന്നും വക്താവ് അറിയിച്ചു. വെള്ളിയാഴ്ച പെന്‍സിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലറിന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് പെന്‍സിനും കോവിഡെന്ന വാര്‍ത്ത പ്രചരിച്ചത്.