pic

തിരുവനന്തപുരംഃ നാട്ടിലേക്ക് മടങ്ങിപ്പോകാൻ ട്രെയിൻ ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നതിനിടെ പേട്ട സി.ഐ ഗിരിലാലിനെ കല്ലെറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് സംഘടിച്ചതിനും പൊലീസിനെ കല്ലെറിഞ്ഞതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരുവാതിൽക്കോട്ടയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. നിർമാണത്തിലിരിക്കുന്ന മാളിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ ആവശ്യപ്പെട്ട് ഇന്നലെ സംഘടിച്ചത്. പുതുതായി ട്രെയിൻ സർവ്വീസ് സംബന്ധിച്ച് സർക്കാർ പ്രഖ്യാപനമുണ്ടായിട്ടില്ലെന്നും പ്രഖ്യാപനമുണ്ടായാലുടൻ ഇവരെ മടക്കി അയക്കാമെന്നും ഉറപ്പ് നൽകി പൊലീസ് മടങ്ങുന്നതിനിടെയാണ് സി.ഐയ്ക്ക് നേരെ കല്ലേറുണ്ടായത്.തലയ്ക്ക് പരിക്കേറ്റ സി.ഐ ഗിരിലാൽ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് ശംഖുംമുഖം അസി.കമ്മിഷണർ ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി തൊഴിലാളികളുമായി ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.

തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ ആരംഭിച്ചാലുടൻ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കാമെന്ന് എ.സി.പി ഇവർക്ക് ഉറപ്പ് നൽകി.എന്നാൽ ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടം കൂടിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും കേസെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതിഥി തൊഴിലാളികൾക്കെതിരെ കേസെടുത്തത്.