വാഷിംഗ്ടൺ: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. ആകെ മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിനിടയിൽ രോഗവിമുക്തരുടെ എണ്ണം 15 ലക്ഷം കടന്നത് ആശ്വാസം പകരുന്നു. അതേസമയം ഇന്നലെ പതിനൊന്നായിരത്തോളം പേർക്കാണ് റഷ്യയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായി റഷ്യ. എന്നാൽ റഷ്യയിൽ മരണ നിരക്ക് കുറവാണ്.ഇന്നലെ 94 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ലോക്ക് ഡൗൺ ഇളവുകൾ പിൻവലിക്കാൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉന്നത ഉദ്യോസ്ഥരുമായി ചർച്ച നടത്തിയിരുന്നു
അമേരിക്ക, ബ്രിട്ടൻ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. വൈറസ് വ്യാപനം കുറഞ്ഞ് തുടങ്ങിയ ചൈന, ഇറാൻ, ജർമ്മനി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്ക ഉയർത്തുന്നുണ്ട്.
ചൈന വീണ്ടും പ്രതിസന്ധിയിലേക്കോ?
രണ്ട് മാസത്തിന് ശേഷമുള്ള ഉയർന്ന രോഗബാധ നിരക്കാണ് രണ്ട് ദിവസമായി ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ഇപ്പോൾ പ്രാദേശിക വ്യാപനം ആരംഭിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ . ഞായാറാഴ്‍ച മാത്രം 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 28ന് ശേഷം ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് കണ്ടെത്തിയ ദിവസമായിരുന്നു ഇന്നലെ.ഇതിൽ അഞ്ച് കേസുകൾ കൊവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ്. ഏഴ് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ശനിയാഴ്‍ച 14 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.