 
ലണ്ടൻ: കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്താനൊരുങ്ങി യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾ. തൊഴിൽ നഷ്ടമാകുന്നവരുടെ എണ്ണം വൻതോതിൽ ഉയരുകയും തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടുകയും സാമ്പത്തിക മാന്ദ്യം അതിരൂക്ഷമാകുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇളവുകൾ പ്രഖ്യാപിക്കുന്നത്. യൂറോപ്പിൽ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ ഈ ആഴ്ചയിൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തും. മരണസംഖ്യയും പുതിയ രോഗികളുടെ എണ്ണവും ഈ രാജ്യങ്ങളിൽ ഗണ്യമായി കുറഞ്ഞു. പ്രതിദിനം നൂറിലേറെ മരണം മാത്രമാണ് ഇപ്പോൾ ഇറ്റലിയിലും സ്‍പെയിനിലും റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ജർമനിയിൽ പുതിയ കേസുകൾ കൂടുന്നത് ആശങ്കയാകുന്നുണ്ട്.ഏഷ്യയിൽ ഇറാനും പാകിസ്ഥാനും ലോക്ഡൗൺ നീക്കി. ഫ്രാൻസിലടക്കം സ്കൂളുകൾ വീണ്ടും തുറക്കാനൊരുങ്ങുകയാണ്. ഓരോ വിഭാഗത്തിലെയും സ്കൂളുകൾ ഈയാഴ്ച മുതൽ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം. അതേസമയം, മൊത്തം 1.76 ലക്ഷത്തിലേറെ പേർക്ക് ബാധിക്കുകയും 26,380 പേർ മരിക്കുകയും ചെയ്ത ഫ്രാൻസിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് സംബന്ധിച്ച് രക്ഷകർത്താക്കൾ ആശങ്കയിലാണ്. ബ്രിട്ടനിൽ ഇളവ് രാജ്യത്തെ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഉപാധികളോടെ സമ്പദ്വ്യവസ്ഥ തുറന്നുകൊടുക്കുന്ന പദ്ധതിയാണ് ജോൺസൺ പ്രഖ്യാപിച്ചത്. ഇതോടെ ഇന്ന് മുതൽ ബ്രിട്ടനിലെ ജനങ്ങൾക്ക് കൂടുതൽ ഇളവുകൾ ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഓഫീസുകളിലേക്ക് മടങ്ങാമെന്ന് ജോൺസൺ അറിയിച്ചു. എന്നാൽ, പൊതുഗതാഗതം ഒഴിവാക്കണം. അഞ്ച് ഘട്ടമായി ലോക്ക് ഡൗൺ പൂർണമായി പിൻവലിക്കും. ഇതിന്റെ അടുത്ത ഘട്ടം ജൂൺ ഒന്നിന് മുമ്പായി ഉണ്ടാകും. ഈ ഘട്ടത്തിൽ വിദ്യാലയങ്ങൾ ഭാഗികമായി തുറക്കും. ജൂലായ് ഒന്നിന് ശേഷം ചില പൊതു ഇടങ്ങൾ തുറന്നു കൊടുക്കുമെന്നും ഹോട്ടലുകൾക്ക് അനുമതി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കൂടുതൽ പിഴ ചുമത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടനിൽ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നിരുന്നു. 31,855 പേരാണ് രോഗം ബാധിച്ച് മരിച്ചത്.