വാഷിംഗ്ടൺ: ലോകപ്രശസ്ത അമേരിക്കൻ പോപ്പ് ഗായികയും ഗാനരചയിതാവും ഗ്രാമി പുരസ്കാര ജേതാവുമായ ബെറ്റി റൈറ്റ് അന്തരിച്ചു. 66 വയസായിരുന്നു. അർബുദം ബാധിച്ച് ദീർഘനാളായി ചികിത്സയിൽ ആയിരുന്നു.
ചെറുപ്പം മുതൽ സംഗീത ലോകത്തെ സജീവ സാന്നിദ്ധ്യമായിരുന്നു ബെറ്റി. തന്റെ 15ാം വയസിലാണ് 'മെെ ഫസ്റ്റ് ടെെം എറൗണ്ട്' എന്ന ആദ്യ സോളോ ആൽബം ബെറ്റി പുറത്തിറക്കുന്നത്. പിന്നീട് 'ഗേൾസ് കാണ്ട് ഡൂ വാട്ട് ബോയ്സ് കാൻ ഡൂ' എന്ന ആൽബത്തിലൂടെ ശ്രദ്ധേയായി. 1971ൽ പുറത്തിറങ്ങിയ 'ക്ലീൻ അപ്പ് വുമൺ' എന്ന പാട്ടിലൂടെ അവർ ലോകപ്രശസ്തയായി. അവരുടെ ആൽബങ്ങൾ ബിൽബോർഡിന്റയും പോപ്പ് ചാർട്ടിന്റെയും ഹിറ്റ് പാട്ടുകളുടെ പട്ടികയിൽ ഇടംനേടി. 1975 ൽ പുറത്തിറങ്ങിയ 'വേർ ഈസ് ദ ലവ്' എന്ന ആൽബത്തിന് ബെറ്റി ഗ്രാമി പുരസ്കാരം സ്വന്തമാക്കി. ബേബി സിറ്റർ, മദർ വിറ്റ് , നോ പെയിൻ, നോ ഗെയിൻ എന്നിവ ബെറ്റിയുടെ ലോകപ്രശസ്ത ആൽബങ്ങളിൽ ചിലതാണ്.
ജമൈക്കൻ സംഗീതജ്ഞനും ഡി.ജെയുമായി കിംഗ് സ്പോർട്ടി മുൻ ഭർത്താവാണ്. നാല് മക്കളുണ്ട്.