മുംബയ്:- സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ സമൂഹവ്യാപന സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര രോഗ പര്യവേക്ഷണ ഓഫീസർ ഡോ.പ്രദീപ് അവാതെ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവാതെ ഇത് വെളിപ്പെടുത്തിയത്. മുംബയിൽ മാത്രമല്ല സംസ്ഥാനത്ത് മറ്റ് ചിലയിടങ്ങളിൽ കൂടി സമൂഹവ്യാപനത്തിന് തുല്യമായി രോഗം റിപ്പോർട്ട് ചെയ്തു. എന്നാൽ ആകെ മൊത്തം സംസ്ഥാനത്തിൽ നിന്നും അറിയുന്നത് ജനം കൂട്ടംകൂടിയയിടത്ത് ഉണ്ടായിരുന്നവർക്കാണ് ഏറിയ പങ്കും രോഗം പകർന്നത് എന്നാണ്.
'രാജ്യത്ത് മറ്റുഭാഗങ്ങളെ വച്ച് നോക്കുമ്പോൾ മുംബയിലെ സ്ഥിതി വ്യത്യസ്‌തമാണ്. ഒരു സ്ക്വയർ കിലോമീറ്ററിൽ 20000 പേരാണ് ഇവിടെ താമസിക്കുക.' അവാതെ പറയുന്നു. 'സമൂഹ വ്യാപനത്തെ തുടർന്ന് രോഗം പടരാനിടയായ സാഹചര്യം കൂടുതൽ വിശദമായി പഠിക്കണം. ഓരോ രോഗികളുടെയും സമ്പർക്കം പ്രത്യേകം അറിയണം.'
നിലവിൽ രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ളത് മഹാരാഷ്ട്രയിലാണ് 22000 രോഗികൾ. 4199 പേർക്ക് രോഗം ഭേദമായപ്പോൾ 832 പേർ മരിച്ചു. മുംബയിൽ 12000 കേസുകൾ കഴിഞ്ഞു.