ചെന്നൈ: തമിഴ്‌നാട് വില്ലുപുരത്ത് എ.ഐ.എ.ഡി.എം.കെ നേതാക്കൾ പെൺകുട്ടിയെ വീട്ടിൽ കയറി തീകൊളുത്തി കൊലപ്പെടുത്തി. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളായ 14 വയസുകാരിയാണ് വില്ലുപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. പ്രതികളായ ജി.മുരുകൻ, കെ.കാളിയപെരുമാൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് ഇരുവരും വീട്ടിലെത്തി പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി പ്രതികളായ രണ്ടുപേരുമാണ് തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്ന് മജിസ്ട്രേട്ടിന് മൊഴി നൽകിയിരുന്നു.
വീടിനു മുന്നിൽ ചെറിയ കട നടത്തുന്നയാളാണ് പെൺകുട്ടിയുടെ പിതാവ്. സംഭവ സമയം പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കട തുറന്ന് സാധനം നൽകാത്തതിനാലാണ് തീകൊളുത്തിയതെന്നും കുടുംബത്തോടുള്ള വൈരാഗ്യമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കേസിൽ അറസ്റ്റിലായവർ എട്ടു വർഷം മുമ്പ് പെൺകുട്ടിയുടെ പിതൃസഹോദരനെ ആക്രമിച്ച കേസിൽ പ്രതികളാണ്. ഈ കേസിൽ പ്രതികളായ എട്ടുപേരും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതുസംബന്ധിച്ച വൈരാഗ്യമാണോ സംഭവത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.