കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ രംഗത്തുള്ളവർക്കായി നൂതന സുരക്ഷാ ഉപകരണങ്ങൾ നിർമ്മിച്ച് കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയും. ലോക്ക്ഡൗണിൽ മെഡിക്കൽ ഉപകരണ നിർമ്മാണം, അവശ്യോത്പന്നങ്ങളുടെ ഉത്‌പാദനം എന്നീ മേഖലകളിലെ കമ്പനികളാണ് പ്രവർത്തിച്ചത്. സുഗന്ധവ്യഞ്ജനം പോലെയുള്ള അവശ്യോത്പന്ന മേഖലയിലെ കമ്പനികളും സുരക്ഷാ ഉത്‌പന്നങ്ങൾ നിർമ്മിച്ചുവെന്നതാണ് പ്രത്യേകത.
ലോക്ക്ഡൗണിൽ മേയ് ആദ്യവാരം വരെ മാത്രം 100 ടണ്ണോളം മെഡിക്കൽ സുരക്ഷാ ഉപകരണങ്ങൾ കൊച്ചി സെസിൽ നിന്ന് കയറ്റുമതി ചെയ്‌തു. പോർട്ടബിൾ വെന്റിലേറ്ററുകൾ, എൻ95 മാസ്‌കുകൾ, സാനിട്ടൈസറുകൾ, സർജിക്കൽ കൈയുറകൾ, പേഴ്‌സണൽ പ്രൊട്ടക്‌ഷൻ എക്വിപ്‌മെന്റുകൾ (പി.പി.ഇ കിറ്റുകൾ) തുടങ്ങിയവയാണ് സെസിൽ നിന്ന് ആഭ്യന്തര-വിദേശ വിപണികളിലേക്ക് കയറ്റിഅയച്ചത്. സെർബിയ പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കായിരുന്നു കൈയറുകളുടെ മുഖ്യ കയറ്റുമതി.
മെഡിക്കൽ ഉപകരണ വില്പനയിലൂടെ ലോക്ക്ഡൗണിൽ മേയ് എട്ട് വരെയുള്ള കാലയളവിൽ കൊച്ചി സെസ് 250 കോടിയോളം രൂപ വരുമാനവും നേടി. ബീറ്റ ഹെൽത്ത് കെയർ പ്രോഡക്‌ട്‌സ്, അമേസിംഗ് റബർ പ്രോഡക്‌ട്‌സ്, സേഫ് കെയർ റബർ, പ്രൈമസ് ഗ്ലൗസ്, നെസ്‌റ്ര്, ഫിൽട്രോവിൻ ഇൻഡസ്‌ട്രീസ് തുടങ്ങിയവയാണ് നൂതന മെഡിക്കൽ ഉപകരണ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ഒതുക്കമുള്ളതും കുറഞ്ഞ നിർമ്മാണ ചെലവുള്ളതും കൊണ്ടുനടക്കാവുന്നതാണ് നെസ്‌റ്ര് നിർമ്മിച്ച വെന്റിലേറ്റർ.
കയറ്റുമതിക്കാർക്ക്
കനത്ത നഷ്‌ടം
അവശ്യോത്‌പന്ന വിഭാഗം ഒഴിച്ച്, കൊച്ചി സെസിലെ മറ്റു കയറ്രുമതിക്കാർ ലോക്ക്ഡൗണിൽ നേരിടുന്നത് കനത്ത നഷ്‌ടം. ലോക്ക്ഡൗണിന്റെ ആദ്യമാസം മാത്രം 4,000-5,000 കോടി രൂപയുടെ നഷ്‌ടം വിലയിരുത്തുന്നു. ജെം, ജുവലറി, വസ്‌ത്രനിർമ്മാണം, ഐ.ടി., ഐ.ടി.ഇ.എസ്., കാർഷികം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ രംഗത്തെ കമ്പനികളാണ് സെസിലുള്ളത്.
ഒട്ടേറെ കമ്പനികൾ നഷ്‌ടം സഹിക്കാനാവാതെ പൂട്ടലിന്റെ വക്കിലാണ്. പലർക്കും വിദേശ ഓർഡറുകളിൽ 50 ശതമാനത്തോളം നഷ്‌ടമായി. ആഗോളതലത്തിൽ പ്രമുഖ രാജ്യങ്ങളെല്ലാം ലോക്ക്ഡൗണിൽ ആണെന്നതും ചരക്കുനീക്കം നടക്കുന്നില്ലെന്നതുമാണ് കാരണം.
കൊച്ചി സെസ്
1984ലാണ് കൊച്ചിയിൽ പ്രത്യേക സാമ്പത്തിക മേഖല (സെസ്) ആരംഭിക്കുന്നത്. 100ഓളം കമ്പനികളിലായി 25,000ഓളം പേർ ഇവിടെ തൊഴിലെടുക്കുന്നു. 2018-19ൽ കൊച്ചി സെസ് നേടിയ വരുമാനം 44,716 കോടി രൂപയാണ്.
''വിദേശ രാജ്യങ്ങളിൽ നിന്ന് കൊവിഡും ലോക്ക്ഡൗണും മൂലം ഡിമാൻഡ് കുറഞ്ഞത് കൊച്ചി സെസിലെ കമ്പനികളെ ബാധിച്ചിട്ടുണ്ട്. കൊവിഡ് ഭീതി ഒഴിഞ്ഞാലും വിപണി സാധാരണ നിലയിലെത്താൻ ഒരുവർഷത്തോളം വേണ്ടിവന്നേക്കും"",
പ്രകാശ് നമ്പൂതിരി, ജനറൽ മാനേജർ,
എ.ബി. മൗറീ, കൊച്ചി സെസ്.