mamata

ന്യൂഡൽഹി: കൊവിഡ് വൈറസിനോട് ശക്തമായി പ്രതിരോധിക്കേണ്ട ബാദ്ധ്യതയുള്ള സമയത്ത് തങ്ങളോട് കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ ചർച്ചയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രൂക്ഷ വിമർശനം ഉന്നയിച്ചു.

'കൊവിഡ് രോഗം രൂക്ഷമായ സമയത്ത് ഒരു സംസ്ഥാനമെന്ന നിലക്ക് കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യുകയാണ്. ഈ സമയത്ത് കേന്ദ്രം രാഷ്ട്രീയം കളിക്കരുത്. മറ്റ് വലിയ സംസ്ഥാനങ്ങളുമായും മറ്റ് രാജ്യങ്ങളുമായും അതിരിടുന്ന ഞങ്ങൾക്ക് വലിയ കാര്യങ്ങളാണ് ചെയ്യാനുള്ളത്.' മമത പറഞ്ഞു.

സംസ്ഥാനങ്ങൾക്കെല്ലാം തുല്യ പ്രാധാന്യം നൽകണമെന്നും ഒരൊറ്റ ടീം ഇന്ത്യയായി നമുക്ക് ഈ ജോലി ചെയ്യാനാകണമെന്നും മമത ഓർമ്മിപ്പിച്ചു. കുറവ് സൗകര്യങ്ങൾ മാത്രമുള്ളതിനാൽ ആദ്യ ദിനങ്ങളിൽ കുറച്ച് കൊവിഡ് കേസുകളേ പരിശോധനാ വിധേയമാക്കാൻ സാധിച്ചുള്ളൂ. മരണനിരക്ക് വർദ്ധിക്കാൻ ഇതായിരുന്നു കാരണം. രാജ്യത്ത് ഏറ്റവുമധികം മരണനിരക്ക് ബംഗാളിലാണ് 13.2%.

സംസ്ഥാനത്ത് എത്തിയ കേന്ദ്രസംഘത്തെ വേണ്ടപോലെ സഹായിക്കാത്തതിന് സംസ്ഥാന സ‌ർക്കാരിനെ കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. ബംഗ്ളാദേശിലേക്ക് സർക്കാർ കയറ്രുമതി തടഞ്ഞതിനെയും കേന്ദ്രസർക്കാർ‌ മുൻപ് വിമർശിച്ചിരുന്നു. ഇത് അന്താരാഷ്ട്ര ബന്ധങ്ങളിൽ വിള്ളൽ വീഴാൻ ഇടയാകും. സംസ്ഥാനസർക്കാർ കേന്ദ്ര നി‌ർദ്ദേശങ്ങൾ പാലിക്കാത്തതിൽ വിമർശിച്ച് പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി രാജീവ് സിൻഹക്ക് മുൻപ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്ത് നൽകിയിരുന്നു.