laliga

ജൂൺ 12ന് തുടങ്ങാൻ തയ്യാറെന്ന് ലീഗ് പ്രസിഡന്റ്

തിരിച്ചടിയായി പുതിയ കൊവിഡ് കേസുകൾ

മാഡ്രിഡ്: നിറുത്തിവച്ചിരിക്കുന്ന സ്പാനിഷ് ലാ ലിഗ ഫുട്ബാൾ മത്സരങ്ങൾ അടുത്തമാസം 12-ാം തീയതിയോടെ തുടങ്ങാനാണ് തങ്ങൾ ആലോചിക്കുന്നതെന്ന് ലീഗ് പ്രസിഡന്റ് ഹാവിയർ ടെബസ്. എന്നാൽ രാജ്യത്തെ ആരോഗ്യവകുപ്പിന്റെ അനുമതിയോടെമാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലാ ലിഗ ക്ളബുകളിലെ കളിക്കാരുടെയും സ്റ്റാഫുകളുടെയും ഇടയിൽ നടത്തിയ പരിശോധനയിൽ എട്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത് പുനരാരംഭിക്കൽ ശ്രമത്തിന് തിരിച്ചടിയായിട്ടുണ്ട്.

കൊവിഡ് ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളിൽ ഒന്നായ സ്പെയ്നിൽ ഫുട്ബാൾ മത്സരങ്ങൾ വീണ്ടും തുടങ്ങി ജനജീവിതം സാധാരണ ഗതിയിലേക്ക് എത്തുന്നതിന്റെ സൂചനകൾ നൽകാൻ സർക്കാരും തയ്യാറായിരുന്നു. അതിനാലാണ് കളിക്കാർക്കും ഒഫിഷ്യൽസിനും ക്ളബ് സ്റ്റാഫുകൾക്കും കൊവിഡ് പരിശോധന നടത്തിയ ശേഷം വ്യക്തിഗത പരിശീലനവും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ഗ്രൗണ്ട് ട്രെയിനിംഗും ആരംഭിക്കാൻ കഴിഞ്ഞയാഴ്ച അനുമതി നൽകിയത്. മെസിയടക്കമുള്ള സൂപ്പർ താരങ്ങൾ മാസ്കണിഞ്ഞ് പരിശീലനം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ എട്ട് പുതിയ കേസുകൾ വന്നത് നല്ല സൂചനയായല്ല ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ 2500ലധികം പേരിൽ പരിശോധന നടത്തിയതിൽ വെറും എട്ടുകേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് ടെബാസ് പറയുന്നു. ഫസ്റ്റ് ഡിവിഷനിലും സെക്കൻഡ് ഡിവിഷനിലുമായി അഞ്ച് കളിക്കാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇന്നലെയുണ്ടായ മൂന്ന് കേസുകൾ കളിക്കാർക്കല്ല സ്റ്റാഫുകൾക്കാണെന്നും കുറഞ്ഞത് 30 കേസുകളെങ്കിലും പ്രതീക്ഷിച്ചിടത്താണ് എട്ടുപേരിലൊതുങ്ങിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായാലും ഇക്കാര്യത്തിൽ അവസാനതീരുമാനം ആരോഗ്യവകുപ്പിന്റേതായിരിക്കുമെന്നും ടെബാസ് പറഞ്ഞു.

രാജ്യത്ത് കൊവിഡ് സൃഷ്ടിച്ച മരവിപ്പിൽ നിന്ന് ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണർവും ഉണ്ടാകേണ്ടതുണ്ട്. അതിന് നല്ല മരുന്നാണ് ഫുട്ബാൾ

- സെർജിയോ റാമോസ്

റയൽ മാഡ്രിഡ് ക്യാപ്ടൻ