ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെതുടർന്ന് നിറുത്തിവച്ച ട്രെയിൻ സർവീസുകൾ നാളെ മുതൽ തുടങ്ങാനിരിക്കെ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുന്നു മേയ് പതിനേഴോടെ രാജ്യത്ത് വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23മുതൽ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിറുത്തിവച്ചിരുന്നു.
വാണിജ്യവിമാനങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും തിങ്കളാഴ്ച വിവിധ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ചതായാണ് റിപ്പോർട്ടുകൾ.. ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് വിമാനക്കമ്പനികള്‍. ഡല്‍ഹി, മുബയ്, ബംഗളുരു തുടങ്ങിയ നഗരങ്ങളുമായി ബന്ധപ്പെട്ടായിരിക്കും ആദ്യം സര്‍വീസ് പുനരാരംഭിക്കുയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ 25 ശതമാനം റൂട്ടുകളിലാണു സര്‍വീസ് നടത്തുക. എത്തിച്ചേരാന്‍ രണ്ടുമണിക്കൂറില്‍ താഴെ സമയം വേണ്ടയിടങ്ങളിലേക്കുള്ള യാത്രകൾക്ക് ഭക്ഷണം വിതരണം ചെയ്യില്ല. യാത്രക്കാര്‍ നിര്‍ബന്ധമായും മൊബൈലില്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ടുണ്ട്..