അബുദാബി: 'വന്ദേ ഭാരത്' യാത്രയ്ക്ക് നൽകിയ ഇളവുകൾ പിൻവലിച്ച ഖത്തർ കഴിഞ്ഞ ദിവസം പിൻവലിച്ച തിരുവനന്തപുരം-ദോഹ വിമാനത്തിന് സർവീസ് നടത്താൻ അനുമതി നൽകി. നാളെ, ഇന്ത്യൻ സമയം ഏഴ് മണിക്ക് വിമാനം ഖത്തറിൽ നിന്നും പുറപ്പെടുമെന്നാണ് വിവരം. അർദ്ധരാത്രി 12 മണിക്ക് വിമാനം തിരുവനന്തപുരത്ത് എത്തും.
എന്നാൽ വിമാനത്താവളത്തിലെ ലാൻഡിംഗ് ചാർജ്, ഹാൻഡ്‌ലിംഗ് ചാർജ്. കൗണ്ടർ ചാർജ് എന്നിവയിൽ നൽകിയിരുന്ന ഇളവുകൾ പിൻവലിക്കാൻ ഖത്തർ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. തങ്ങളുടെ പൗരന്മാർക്ക് വേണ്ടി സൗജന്യ രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് ഇന്ത്യ ഖത്തറിനെ അനുവദിച്ചതിനെ തുടർന്നാണ് ഇളവുകൾ അനുവദിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ദോഹയിൽ നിന്നും കൊച്ചിയിലേക്കുള്ള ആദ്യവിമാനം പുറപ്പെട്ട് കഴിഞ്ഞ ശേഷമാണ് യാത്രക്കാരിൽ നിന്നും പണം ഈടാക്കുന്നതായി ഖത്തർ മനസിലാക്കിയതെന്നാണ് വിവരം. തുടർന്ന് ഇത്തരത്തിൽ സർവീസ് നടത്താൻ ഖത്തർ എയർവേയ്‌സും തയാറാണെന്ന് ഖത്തർ നിലപാടെടുത്തിരുന്നു.
ഇതിനായി ഇന്ത്യൻ വ്യോമയാന മന്ത്രാലയം തയ്യാറാകാത്തതിനെ തുടർന്നാണ് ഖത്തർ ഇന്നലെ വിമാനം ഇറക്കുന്നതിന് അനുമതി നിഷേധിച്ചത്. എന്നാൽ ഖത്തറിൽ നിന്നുമുള്ള ചില യാത്രക്കാർക്ക് നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാലാണ് അനുമതി ലഭിക്കാതിരുന്നതെന്നായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.