deepa-malik

ന്യൂഡൽഹി : പാരാ ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ അത്‌ലറ്റായ ദീപ മാലിക്ക് അന്താരാഷ്ട്ര കായിക രംഗത്തുനിന്ന് വിരമിച്ചു. നിലവിൽ പാരാ ഒളിമ്പിക് കമ്മറ്റി ഒഫ് ഇന്ത്യ പ്രസിഡന്റായ ദീപ ദേശീയ കായിക നയം അനുസരിച്ച് ആ സ്ഥാനത്തു തുടരാനാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സജീവ കായികരംഗത്ത് തുടരുന്നവർക്ക് ദേശീയ ഫെഡറേഷനുകളുടെ തലപ്പത്തിരിക്കാൻ കഴിയില്ലെന്ന് അടുത്തിടെ ഹൈക്കോടതി വിധിയുമുണ്ടായിരുന്നു.

കഴിഞ്ഞ വർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാര ജേതാവായ ദീപ 58 ദേശീയ മെഡലുകളും 23 അന്താരാഷ്ട്ര മെഡലുകളും നേടിയിട്ടുണ്ട്.അർജുന അവാർഡ്, പത്മശ്രീ എന്നിവയും നേടിയിട്ടുണ്ട്.പാരാ അത്‌ലറ്റിക്സ് കമ്മറ്റി കൂടുതൽ സജീവമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് 49കാരിയായ ദീപ പറഞ്ഞു.