ടെഹ്‌റാൻ: ഇറാൻ നാവികസേനാ സ്വന്തം യുദ്ധക്കപ്പൽ തന്നെ മിസൈൽ അയച്ച് തകർത്തതായി റിപ്പോർട്ട്. ഒമാൻ കടലിൽ നടന്ന നാവികസേനാ പരിശീലനത്തിനിടെ അബദ്ധത്തിൽ മിസൈൽ 'കൊനാറക്' എന്ന യുദ്ധക്കപ്പലിന് മേൽ പതിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ 19 നാവികർ കൊല്ലപ്പെട്ടതായും 15 പേർക്ക് പരിക്ക് പറ്റിയതാണ് വിവരമുണ്ട്. 'ജമറാൻ' എന്ന് പേരുള്ള യുദ്ധക്കപ്പലിൽ നിന്നുമാണ് മിസൈൽ അബദ്ധത്തിൽ തൊടുത്തത്.
സംഭവത്തെ കുറിച്ച് നാല് വ്യക്തികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ മാദ്ധ്യമമായ 'ന്യൂ യോർക്ക് ടൈംസ്' ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ പേരും മറ്റ് വിവരങ്ങളും പരസ്യപ്പെടുത്തരുതെന്നും അങ്ങനെ സംഭവിച്ചാൽ ഇറാൻ സർക്കാരിൽ നിന്നും നടപടികൾ നേരിടേണ്ടി വരുമെന്നും ഇവർ മാദ്ധ്യമത്തോട് പറഞ്ഞിരുന്നു.
അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ തയ്യാറായിട്ടില്ല. എന്നാൽ 'സംഭവത്തിന്റെ വ്യാപ്തിയെപ്പറ്റി' തങ്ങൾ അന്വേഷണം ആരംഭിച്ചതായി ഇറാൻ നാവികസേന അറിയിച്ചിട്ടുണ്ട്. 2019 ജനുവരിയിൽ ഇറാന്റെ സൈന്യമായ റെവല്യൂഷനറി ഗാർഡ് കോർപ്പ്സ് അബദ്ധത്തിൽ ഒരു യുക്രെയിൻ വിമാനം മിസൈലുകൾ ഉപയോഗിച്ച് തകർക്കുകയും അപകടത്തിൽ 176 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.