അന്താരാഷ്ട്ര ക്രിക്കറ്റിൽ നായക ശേഷിയിൽ മികവ് കാട്ടിയവർ പലരുണ്ട്. എന്നാൽ ക്യാപ്ടനായിരിക്കുമ്പോൾ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മന്മാരുടെ പട്ടികയിലും ഇടം പിടിക്കാൻ കഴിഞ്ഞവർ ചുരുക്കമാണ്. ഏകദിനക്രിക്കറ്റിൽ നായക പദവിയിലും റൺവേട്ടയിലും ഒരുപോലെ തിളങ്ങിയ അഞ്ച് താരങ്ങൾ ഇവരാണ്.
റിക്കി പോണ്ടിംഗ്
ആസ്ട്രേലിയ
ലോക ക്രിക്കറ്റ് കണ്ട ഇതിഹാസ താരങ്ങളിലൊരാളാണ് റിക്കി പോണ്ടിംഗ്. ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ശേഷിയുള്ള താരം. പോണ്ടിംഗിന്റെ ക്യാപ്ടൻസിക്ക് കീഴിൽ ആസ്ട്രേലിയ ഒരു ദശകത്തോളം അജയ്യരായി വാണു.അക്കാലത്തെ റൺവേട്ടക്കാരിൽ മുൻനിരയിൽ പോണ്ടിംഗ് ഉണ്ടായിരുന്നു.
2002 -2012 കാലത്താണ് പോണ്ടിംഗ് ആസ്ട്രേലിയൻ ഏകദിന ക്യാപ്ടനായിരുന്നത്. 230 മത്സരങ്ങളിൽ ടീമിനെ നയിച്ചു. 22സെഞ്ച്വറികളും 51 അർദ്ധസെഞ്ച്വറികളുമടക്കം 8497 റൺസാണ് ഇക്കാലയളവിൽ നേടിയത്. 2006ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ 164 റൺസാണ് ക്യാപ്ടനെന്ന നിലയിലെ ഉയർന്ന സ്കോർ.രണ്ട് ലോകകപ്പ് കിരീടങ്ങൾ ടീമിന് നേടിക്കൊടുത്തു.
മഹേന്ദ്രസിംഗ് ധോണി
ഇന്ത്യ
ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്ടന്മാരിലൊരാളായ ധോണി ഷോർട്ട് ഫോർമാറ്റ് മത്സരങ്ങളിലെ സൂപ്പർ ഫിനിഷർ എന്ന വിശേഷണത്തിനും ഉടമയാണ്.2007 മുതൽ 2018 വരെയാണ് ധോണി ഏകദിന ടീം ക്യാപ്ടനായിരുന്നത്. ഇൗ കാലയളവിൽ 200 ഏകദിനങ്ങളിൽ നായകനായി. ആറ് സെഞ്ച്വറികളും 47 അർദ്ധസെഞ്ച്വറികളുമടക്കം 6641 റൺസാണ് നായകനായി ധോണി നേടിയത്. 48 ഇന്നിംഗ്സുകളിലാണ് ധോണി നോട്ടൗട്ടായി നിന്നത്. 2011 ലോകകപ്പിന്റെ ഫൈനലിലടക്കം നിരവധി ചേസിംഗുകളിൽ ഇന്ത്യ വിജയതീരത്തണഞ്ഞത് ധോണിയുടെ ബാറ്റിംഗ് മികവിലായിരുന്നു.2007ൽ ആദ്യ ട്വന്റി-20 ലോകകപ്പ് നേടിത്തന്ന ക്യാപ്ടനും ധോണിയായിരുന്നു.
സ്റ്റീഫൻ ഫ്ളെമിംഗ്
ന്യൂസിലാൻഡ്
കിവീസ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനും ക്യാപ്ടനുമായി പരിഗണിക്കാൻ കഴിയുന്ന താരമാണ് ഫ്ളെമിംഗ്.1997മുതൽ 2007വരെ ന്യൂസിലാൻഡിനെ 218 ഏകദിനങ്ങളിൽ ഫ്ളെമിംഗ് നയിച്ചു. ഏകദിന കരിയറിലെ 103 മത്സരങ്ങളിൽ ഒാപ്പണറായിരുന്നു.ഏഴ് സെഞ്ച്വറികളും 38 അർദ്ധ സെഞ്ച്വറികളുമടക്കം 6295 റൺസാണ് ക്യാപ്ടനായി ഏകദിനത്തിൽ നേടിയത്. നായകനായ 98 ഏകദിന മത്സരങ്ങളിൽ ടീമിന് വിജയം നൽകി.
അർജുന രണതുംഗെ
ശ്രീലങ്ക
അന്താരാഷ്ട്ര ക്രിക്കറ്റിൽ ആരുമല്ലാതിരുന്ന ശ്രീലങ്കയെ 1996ലെ ലോകകപ്പിൽ അപ്രതീക്ഷിത ചാമ്പ്യന്മാരാക്കിയത് രണതുംഗെയുടെ നായകത്വമാണ്.ഇൗ ഇടംകയ്യൻ ബാറ്റ്സ്മാൻ കളിച്ച 269 ഏകദിനങ്ങളിൽ 193 എണ്ണത്തിലും ക്യാപ്ടനായിരുന്നു. നാല് സെഞ്ച്വറികളും 37 അർദ്ധസെഞ്ച്വറികളുമടക്കം 5608 റൺസാണ് ഏകദിനത്തിൽ നായകനായി നേടിയത്. 34 ഇന്നിംഗ്സുകളിൽ പുറത്താകാതെ നിന്നു.പേരും പ്രശസ്തിയുമില്ലാത്ത യുവനിരയെ എന്തിനും പോരുന്നവരാക്കി മാറ്റിയത് ആരെയും കൂസാത്ത പ്രകൃതക്കാരനായ അർജുന രണതുംഗെയായിരുന്നു. വലിയ ശരീരത്തെ തടസമായി കാണാത്ത അർജുന മികച്ച ഫീൽഡറും വിക്കറ്റിനിടയിലെ വേഗതയേറിയ ഒാട്ടക്കാരനുമായിരുന്നു.
ഗ്രേം സ്മിത്ത്
ദക്ഷിണാഫ്രിക്ക
കരിയറിന്റെ തുടക്കകാലത്ത് തന്നെ ക്യാപ്ടൻസിയിലേക്ക് എത്തപ്പെട്ട അപൂർവ്വം ചിലരിലൊരാളാണ് സ്മിത്ത്.2003 മുതൽ 2011വരെ ദക്ഷിണാഫ്രിക്ക ഏകദിന നായകനായിരുന്നു. നയിച്ച 149 മത്സരങ്ങളിൽ 92 എണ്ണത്തിൽ വിജയം നൽകാൻ കഴിഞ്ഞു.എട്ട് സെഞ്ച്വറികളും 37 അർദ്ധസെഞ്ച്വറികളുമടക്കം 5416 റൺസ് ക്യാപ്ടൻസി കരിയറിൽ നേടി.ഇപ്പോൾ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ഡയറക്ടർ